ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ കൈയടക്കി തെരുവുനായ്ക്കൾ
text_fieldsചാലക്കുടി: ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോ കേന്ദ്രീകരിച്ച് തെരുവുനായ് ആക്രമണം കൂടുന്നു. വെള്ളിയാഴ്ച രാവിലെ രണ്ടുപേരെ നായ് കടിച്ചു. ഡിപ്പോയിലെ പെട്രോൾ പമ്പ് ജീവനക്കാരനായ പുതുക്കാട് സ്വദേശി സുഭാഷിന് (50) രാവിലെ ഏഴോടെയാണ് കടിയേറ്റത്. അതിരാവിലെ സ്റ്റാൻഡിലെത്തിയ യാത്രക്കാരനാണ് കടിയേറ്റ മറ്റൊരാൾ. റോഡിൽ വച്ച് ഐ.ടി.ഐ വിദ്യാർഥിക്കുമേലും നായ് ചാടിവീണിരുന്നു. ഈ മാസം പത്താമത്തെയാളാണ് ഇവിടെ തെരുവുനായ് ആക്രമണത്തിനിരയാവുന്നത്. യാത്രക്കാരടക്കം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ പോകാൻ ഭയപ്പെടുകയാണ്.
ഡസനിലേറെ നായ്ക്കളാണ് കെ.എസ്.ആർ.ടി.സിയിലും പരിസരത്തും അലഞ്ഞുതിരിയുന്നത്. ഇവ യാത്രക്കാർ ബസ് കാത്തിരിക്കുന്നിടത്തും വർക്ക്ഷോപ്പിലും കൂട്ടം കൂടിയെത്തും. മഴ പെയ്തതോടെയാണ് ഇവയുടെ ശല്യം കൂടുതലായത്. പാർക്ക് ചെയ്ത ബസ്സുകളുടെ അടിയിൽ വിശ്രമിക്കുന്ന നായ്ക്കൾ ഇതറിയാതെ അരികിലൂടെ പോകുന്നവരുടെ മേൽ പെട്ടെന്ന് ചാടിവീണ് കടിക്കുകയാണ്.
വ്യാഴാഴ്ച വൈകീട്ട് ഒരു യാത്രക്കാരനെ ശുചിമുറിയിൽ കയറിയും കടിച്ചു. അതിന് തൊട്ടുമുമ്പത്തെ ദിവസം കെ.എസ്.ആർ.ടി.സിയിൽ വിനോദയാത്രക്കെത്തിയ യുവാവിനെ പട്ടി കടിച്ചിരുന്നു. സംഭവത്തിൽ യുവാവിന്റെ പിതാവ് പരാതി നൽകിയിട്ടുണ്ട്.എന്നാൽ, തെരുവുനായ്ക്കൾക്ക് സംരക്ഷണമുള്ളതുകൊണ്ടും തെരുവുപട്ടി സംരക്ഷകരുടെ എതിർപ്പുണ്ടാകുമെന്നും പറഞ്ഞ് തങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്ന നിലപാടാണ് അധികാരികൾക്ക്. തെരുവുനായ് ശല്യം നിയന്ത്രിക്കാൻ കെ.എസ്.ആർ.ടി.സി അധികൃതരും ചാലക്കുടി നഗരസഭ അധികൃതരും നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
ചാലക്കുടിയിലെ മറ്റു പൊതുസ്ഥലങ്ങളിലും നായ്ക്കളുടെ ശല്യം വർധിച്ചുവരികയാണ്. രാത്രി 10 കഴിഞ്ഞാൽ ഇരുചക്രവാഹനങ്ങളിൽ പോകുന്നവരെയും കാൽനടക്കാരെയും ആക്രമിക്കുന്ന സംഭവങ്ങൾ ആവർത്തിക്കുന്നു. ചാലക്കുടി നോർത്ത് ബസ് സ്റ്റാൻഡ്, ടൗൺ ഹാൾ പരിസരം, റെയിൽവേ സ്റ്റേഷൻ പരിസരം, മാർക്കറ്റ് റോഡ്, എന്നിവിടങ്ങളിലെല്ലാം ഇവ കൂടുതലായി കാണുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.