പത്തുവർഷത്തെ കാത്തിരിപ്പ്;ചാലക്കുടി നഗരസഭയിൽ അന്തിമ മാസ്റ്റർപ്ലാനിന് അംഗീകാരം
text_fieldsചാലക്കുടി: 10 വർഷം നീണ്ട നടപടിക്രമങ്ങൾക്കൊടുവിൽ ചാലക്കുടി നഗരസഭയുടെ അന്തിമ മാസ്റ്റർപ്ലാനിന് അംഗീകാരമായി. നഗരസഭയുടെ 25 സ്ക്വയർ കി.മീ. ഭൂപ്രദേശം പൂർണമായും ഉൾപ്പെടുന്നതാണ് പുതിയ മാസ്റ്റർപ്ലാൻ. ശനിയാഴ്ച നടന്ന നഗരസഭ യോഗത്തിലാണ് അംഗീകരിച്ചത്.
നഗരസഭ രൂപംകൊണ്ട കാലത്ത് രൂപംകൊടുത്ത അര നൂറ്റാണ്ടോളം പഴക്കമുള്ള ഡി.ടി.പി സ്കീമാണ് ഇതുവരെ ഉണ്ടായിരുന്നത്. 2012ലാണ് പുതിയ മാസ്റ്റർപ്ലാൻ ഉണ്ടാക്കാൻ തീരുമാനമുണ്ടായത്.
മാസ്റ്റർപ്ലാനിന്റെ കരട് തയാറാക്കാൻ ജില്ല ടൗൺ പ്ലാനിങ് വിഭാഗത്തെയാണ് സർക്കാർ ചുമതല ഏൽപിച്ചത്. വർഷങ്ങൾ നീണ്ട വിശദ ചർച്ചകൾക്കും സ്ഥല പരിശോധനകൾക്കും വിശകലനങ്ങൾക്കും ശേഷം കഴിഞ്ഞ കൗൺസിൽ കാലയളവിൽ 2017 ലാണ് ജില്ല ടൗൺ പ്ലാനിങ് വിഭാഗം കരട് മാസ്റ്റർപ്ലാൻ കൗൺസിലിന് സമർപ്പിച്ചത്.
പ്രാഥമിക പരിശോധനയിൽ നിരവധി ന്യൂനതകൾ കണ്ടെത്തിയതിനെത്തുടർന്ന് വിവിധ ഘട്ടങ്ങളിലായി കൗൺസിൽ ഇത് പരിഹരിക്കാൻ ശ്രമം ആരംഭിച്ചു. നഗരസഭയിലെ മുഴുവൻ വാർഡുകളിെലയും റോഡുകളുടെ വീതി ഇരട്ടിയിലധികമായി വർധിപ്പിച്ചുവെന്നതായിരുന്നു കരട് മാസ്റ്റർപ്ലാനിലെ പ്രധാന ന്യൂനത. വീതിയിലെ വർധന ഈ വഴിയോട് ചേർന്നുള്ള സ്ഥലങ്ങളിൽ വീടുകൾ ഉൾപ്പെടെ, ചെറുതും വലുതുമായ നിർമാണ പ്രവർത്തനങ്ങൾക്ക് തടസ്സമാകുമെന്ന് പരക്കെ പരാതി ഉയർന്നു.
ഇത് പരിഹരിക്കാൻ ജനപ്രതിനിധികളും വിദഗ്ധരും അടങ്ങുന്ന സ്പെഷൽ കമ്മിറ്റി രൂപവത്കരിച്ച് മുഴുവൻ പരാതിക്കാെരയും വിവിധ ദിവസങ്ങളിലായി നേരിട്ട് കേട്ടു. തുടർന്ന് ആവശ്യമായ മാറ്റങ്ങൾ കൗൺസിൽ വിശദമായി ചർച്ച ചെയ്തു. റോഡുകളുടെ വീതി കുറക്കാനും ജനവാസ മേഖലകളിലെ പൊതുപദ്ധതികൾ ഒഴിവാക്കാനും സ്വീവേജ് പ്ലാന്റ് ഉൾപ്പെടെ പദ്ധതികളിൽ മാറ്റം വരുത്താനും കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് നടന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേന തീരുമാനിച്ചു.
മാറ്റങ്ങൾ ഉൾപ്പെടുത്താൻ ഡി.ടി.പിയെ ചുമതലപ്പെടുത്തി. ഡി.ടി.പി ഭേദഗതി വരുത്തി നൽകിയ പ്ലാനിൽ ചില ന്യൂനതകൾകൂടി കണ്ടതിനെത്തുടർന്ന് ഈ വർഷം ഏപ്രിൽ 17 ലെയും ജൂലൈ നാലിലെയും കൗൺസിൽ യോഗങ്ങൾ ഇത് തിരുത്തണമെന്ന് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ അന്തിമമായി തയാറാക്കിയ മാസ്റ്റർപ്ലാൻ കഴിഞ്ഞ ജൂലൈ 22നാണ് നഗരസഭക്ക് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.