ചാലക്കുടി നഗരസഭ അഴിമതി വിഷയം; വിജിലന്‍സ് അന്വേഷണം അംഗീകരിച്ചു
text_fieldsചാലക്കുടി: നഗരസഭയിലെ അഴിമതി വിഷയത്തിൽ വിജിലന്‍സ് അന്വേഷണം വേണമെന്ന പ്രതിപക്ഷാംഗങ്ങളുടെ ആവശ്യം ചാലക്കുടി നഗരസഭ കൗണ്‍സില്‍ അംഗീകരിച്ചു. നഗരസഭ ചെയര്‍മാന്‍ വാർത്തസമ്മേളനം വിളിച്ചുചേര്‍ത്ത് പറഞ്ഞ നഗരസഭയിലെ അഴിമതികള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കൗണ്‍സില്‍ യോഗത്തിലിരുന്നത്.
ചര്‍ച്ചകള്‍ക്കൊടുവില്‍ പ്രതിപക്ഷത്തിന്‍റെ ആവശ്യം കൗണ്‍സില്‍ അംഗീകരിച്ചു. പോട്ട, നോര്‍ത്ത് ചാലക്കുടി, പടിഞ്ഞാറെ ചാലക്കുടി എന്നിവിടങ്ങളില്‍ അര്‍ബന്‍ ആരോഗ്യകേന്ദ്രങ്ങള്‍ (വെൽനെസ് സെന്റർ) ആരംഭിക്കാന്‍ കൗണ്‍സിലെടുത്ത തീരുമാനത്തിന്‍റെ ഭാഗമായി പോട്ടയില്‍ ആരോഗ്യകേന്ദ്രത്തിനായി നഗരസഭയുടെ പ്രഥമ ചെയര്‍മാന്‍ വിട്ടുകൊടുത്ത് ഇപ്പോള്‍ നഗരസഭയുടെ അധീനതയിലുള്ളതുമായ സ്ഥലത്ത് തന്നെ പണിയണമെന്നും പ്രതിപക്ഷാംഗങ്ങള്‍ ആവശ്യപ്പെട്ടു.
നിരവധി തവണ ഉദ്ഘാടനം ചെയ്യപ്പെട്ട ചാലക്കുടി ടൗണ്‍ഹാള്‍ എത്രയുംവേഗം ജനങ്ങള്‍ക്ക് തുറന്നുകൊടുക്കണമെന്നും വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് വിതരണം ചെയ്യുന്നതിന്‍റെ ഭാഗമായി അമിത തുക ഈടാക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും പ്രതിപക്ഷാംഗങ്ങള്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പ്രതിപക്ഷ പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സി.എസ്. സുരേഷ്, ബിജി സദാനന്ദന്‍, ഷൈജ സുനിൽ, ബിന്ദു ശശികുമാർ, ലില്ലി ജോസ്, കെ.എസ്. സുനോജ്, വി.ജെ. ജോജി, എലിസബത്ത് എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.