സർക്കാറിലേക്കുള്ള ബാധ്യത തിരിച്ചടക്കാനാവാതെ ചാലക്കുടി നഗരസഭ
text_fieldsചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിന്റെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാറിലേക്ക് തിരിച്ചടക്കേണ്ട ബാധ്യത തിരിച്ചടക്കാനാവാതെ ചാലക്കുടി നഗരസഭ പ്രതിസന്ധിയിൽ. 27 കോടി രൂപയാണ് സംസ്ഥാന സർക്കാറിലേക്ക് ചാലക്കുടി നഗരസഭ തിരിച്ചടക്കേണ്ടത്. നഗരസഭയെ ജപ്തിയിൽനിന്ന് ഒഴിവാക്കാൻ സർക്കാറിന്റെ സിയാൽ കമ്പനി നൽകിയ 27 കോടി രൂപ നഗരസഭയുടെ ബാധ്യതയായി നില നിൽക്കുകയാണ്.
ഇത് ഏഴുതവണകളായി തിരിച്ചടക്കാൻ സർക്കാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നഗരസഭ തുക അടക്കാത്തതിനെ തുടർന്ന് ഈയിടെ നഗരസഭയിൽ സമ്മർദം ചെലുത്തിയതോടെ നഗരസഭ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏറ്റവും ഒടുവിൽ, ജൂലൈ 19ന് കിഴക്കേ ചാലക്കുടി വില്ലേജ് ഓഫിസർ സർക്കാറിലേക്ക് അടക്കേണ്ട തുക സംബന്ധിച്ച് നഗരസഭക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. 70 തവണകളായി അടക്കാനുള്ള നിർദേശപ്രകാരം മുതൽ, പലിശ, കലക്ഷൻ ചാർജ്, മറ്റു ചെലവുകൾ അടക്കം 38,57,142 രൂപ പ്രതിമാസം ചാലക്കുടി നഗരസഭ അടക്കണം. മാസം 38 ലക്ഷത്തിൽപരം തുക അടച്ചാൽ നഗരസഭയുടെ പ്രവർത്തനം തന്നെ നിലക്കും.
പലിശയും മറ്റ് ചെലവുകളും ഒഴിവാക്കി ഓരോ മാസവും 10 ലക്ഷം രൂപ വീതം അടക്കാൻ അനുവദിക്കണമെന്നാണ് നഗരസഭയുടെ ഇപ്പോഴത്തെ അഭ്യർഥന. ഈ അഭ്യർഥനയുമായി സംസ്ഥാന സർക്കാറിനെ സമീപിക്കാനാണ് നഗരസഭയുടെ തീരുമാനം. ഈ വകയിൽ തുക അടച്ചാലും നഗരസഭയുടെ ബാധ്യത തീരാൻ 25 വർഷമെങ്കിലുമെടുക്കുമെന്നതാണ് സത്യം. 25ന് നടക്കുന്ന കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.