ചാലക്കുടി നഗരസഭ: കടബാധ്യത വായ്പ എടുത്തോ പദ്ധതി വിഹിതത്തിൽ കുറച്ചോ തിരിച്ചടക്കേണ്ടി വരും
text_fieldsചാലക്കുടി: സംസ്ഥാന സർക്കാറിനുള്ള ചാലക്കുടി നഗരസഭയുടെ കടബാധ്യത വായ്പയെടുത്തോ പദ്ധതി വിഹിതത്തിൽ കുറച്ചോ തിരിച്ചടക്കേണ്ടി വരും. ചാലക്കുടി ഇൻഡോർ സ്റ്റേഡിയം സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട 27 കോടി രൂപയുടെ ബാധ്യത സംബന്ധിച്ച് തിരുവനന്തപുരത്ത് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ രാജമാണിക്യവുമായി നഗരസഭ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഈ നിർദേശം ഉയർന്നത്.
സ്റ്റേഡിയം സ്ഥലമെടുപ്പിൽ ഭൂവുടമകൾക്ക് നൽകാനുള്ള 27 കോടി രൂപ കോടതി ഉത്തരവ് പ്രകാരം സർക്കാറിന്റെ ലാഭവിഹിതത്തിൽനിന്ന് സിയാൽ കമ്പനി അടച്ചിരുന്നു. നഗരസഭയുടെ ബാധ്യത സർക്കാർ വിഹിതത്തിൽനിന്ന് സിയാൽ അടച്ചു കഴിഞ്ഞ സാഹചര്യത്തിൽ ഈ തുക സർക്കാറിന് തിരിച്ചുനൽകുന്ന നടപടികളെ കുറിച്ചാണ് ചർച്ച ചെയ്തത്.
നഗരസഭ ചെയർമാൻ എബി ജോർജ്, പാർലമെന്ററി പാർട്ടി ലീഡർ ഷിബു വാലപ്പൻ തുടങ്ങിയവരാണ് തിരുവനന്തപുരത്തെ ചർച്ചയിൽ പങ്കെടുത്തത്. കടബാധ്യതയുടെ പേരിൽ നഗരസഭക്കെതിരെ സർക്കാർ മറ്റു നടപടികളിലേക്ക് പോകുംമുമ്പേ നഗരസഭ തന്നെ തുക തിരിച്ചുനൽകുന്നത് സംബന്ധിച്ച അഭിപ്രായം അറിയിക്കാനാണ് ചർച്ചയിൽ നിർദേശമുണ്ടായത്.
സർക്കാറിന് നൽകാനുള്ള തുക തിരിച്ച് നൽകുന്നതിന് കൂടുതൽ സാവകാശം ലഭിക്കുന്ന കാര്യം നഗരസഭ അധികൃതർ ആരാഞ്ഞു. ബാങ്ക് വായ്പ എടുത്ത് നിലവിലുള്ള ബാധ്യത തീർക്കാനുള്ള ശ്രമം നഗരസഭ നടത്തിവന്നിരുന്നതാണെന്നും വായ്പ ലഭിക്കുന്നതിന് ഉണ്ടാകുന്ന കാലതാമസമാണ് ഇപ്പോഴത്തെ സാഹചര്യമുണ്ടാക്കിയതെന്നും ചെയർമാൻ എബി ജോർജ് അറിയിച്ചു.
ബാങ്ക് വായ്പ ലഭ്യമാക്കിയോ സർക്കാറിന്റെ വാർഷിക പദ്ധതി വിഹിതത്തിൽനിന്ന് നിശ്ചിത തുക വീതം കുറച്ചോ സർക്കാറിനുള്ള ബാധ്യത തീർക്കുന്നത് സംബന്ധിച്ച്, കൗൺസിൽ തീരുമാനമെടുത്ത് ഇക്കാര്യം സർക്കാറിനെ അറിയിക്കാനാണ് ചർച്ചയിൽ പ്രിൻസിപ്പൽ ഡയറക്ടർ അന്തിമമായി നിർദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.