ചാലക്കുടി നഗരസഭ കൗൺസിൽ; ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കും
text_fieldsചാലക്കുടി: ഇൻഡോർ സ്റ്റേഡിയത്തിന് മുന്നിൽ പുതിയ ഷോപ്പിങ് കോംപ്ലക്സ് നിർമിക്കാൻ ചാലക്കുടി നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം. നഗരസഭ ഓഫിസിൽ പുതിയ അനക്സ് നിർമിക്കാനും തീരുമാനമായി. ഇതിന് വിശദ പ്ലാനും എസ്റ്റിമേറ്റും തയാറാക്കാൻ തൃശൂർ എൻജിനീയറിങ് കോളജിനെ ഏൽപിക്കാൻ തീരുമാനിച്ചു.
പദ്ധതി വിഹിതത്തിലെ 1.25 കോടി രൂപയാണ് ഷോപ്പിങ് കോംപ്ലക്സിന് ചെലവഴിക്കുക. അനക്സ് നിർമാണത്തിന് എം.എൽ.എ ഫണ്ടിൽനിന്നുള്ള ഒരുകോടി രൂപയും വിനിയോഗിക്കും.
2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട വിവിധ വാർഡുകളിലെ മൂന്നര കോടി രൂപയുടെ 36 റോഡ് നിർമാണപ്രവൃത്തികൾക്കുള്ള ടെൻഡർ കൗൺസിൽ അംഗീകരിച്ചു. നിലവിെല റോഡുകളുടെ നവീകരണം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നവരത്ന സൂപ്പർ മാർക്കറ്റ് പ്രവർത്തിച്ചിരുന്ന കാവുങ്ങൽ ഷോപ്പിങ് കോംപ്ലക്സിൽ പുതിയ സ്ഥാപനത്തിന് ലൈസൻസ് നൽകുന്നതുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് കൗൺസിൽ ചർച്ച ചെയ്തു. നികുതി കുടിശ്ശിക പൂർണമായും അടക്കുന്ന മുറക്ക് നിയമാനുസൃത നടപടികളിലൂടെ ലൈസൻസ് നൽകാൻ കൗൺസിൽ തീരുമാനിച്ചു.
കഴിഞ്ഞ ദിവസം നഗരസഭ ഓഫിസിൽ എൻജിനീയർക്കെതിരെ കൗൺസിലർ വത്സൻ ചമ്പക്കരയുടെ ഭാഗത്തുനിന്ന് ഉണ്ടായ നടപടിയെ സംബന്ധിച്ച് ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷിന്റെ ആവശ്യം കൗൺസിൽ ചർച്ച ചെയ്തു.
നഗരസഭ കൗൺസിലർമാരും ജീവനക്കാരും ഒത്തൊരുമിച്ച് പ്രവർത്തിക്കുന്ന ചാലക്കുടി നഗരസഭയിൽ ഇത്തരത്തിെല നിർഭാഗ്യകരമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും അധ്യക്ഷത വഹിച്ച് സംസാരിച്ച ചെയർമാൻ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.