ചാലക്കുടി റെയിൽവേ പാലം ബലപ്പെടുത്തൽ പൂർണമായി
text_fieldsചാലക്കുടി: ചാലക്കുടിപ്പുഴക്ക് കുറുകെയുള്ള റെയിൽവേ പാലം ബലപ്പെടുത്തുന്ന ജോലികൾ പൂർണമായി. കഴിഞ്ഞ രണ്ടുവർഷമായി നടക്കുന്ന ഗർഡറുകൾ മാറ്റി സ്ഥാപിക്കുന്ന ജോലിയുടെ അവസാനഘട്ടം വ്യാഴാഴ്ചയാണ് പൂർത്തീകരിച്ചത്. വ്യാഴാഴ്ച രാവിലെ ആറുമുതൽ ഒന്നാം നമ്പർ ട്രാക്കിലാണ് പ്രവൃത്തികൾ നടന്നത്. ചിലയിടങ്ങളിൽ റയിൽ പാളം ബലപ്പെടുത്തുകയും ചെയ്തു.
ദക്ഷിണ റെയിൽവേ എൻജിനീയറിങ് വിഭാഗത്തിലെ പ്രധാന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നൂറോളം ജീവനക്കാർ സ്ഥലത്തുണ്ടായിരുന്നു. ബലക്ഷയമുള്ള ഗർഡർ അഴിച്ച് മാറ്റി പകരം പുതിയത് ക്രെയിനിൽ ഉയർത്തിയെടുത്ത് സ്ഥാപിക്കുകയാണ് ചെയ്തത്.
ജോലി മൂലം ട്രെയിൻ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എക്സ്പ്രസുകളടക്കം 23 സർവിസുകൾ റദ്ദാക്കി. 14 സർവിസുകൾ ഭാഗികമായി റദ്ദാക്കി. മൂന്ന് സർവീസുകൾ വഴിതിരിച്ചു വിടുകയും ചെയ്തു. ഇത് മൂലം യാത്രക്കാർ കെ.എസ്.ആർ.ടി.സിയെയും സ്വകാര്യ വാഹനങ്ങളെയുമടക്കം ആശ്രയിക്കേണ്ടി വന്നു.
പാലത്തിലെ ഒരു ട്രാക്കിലെ ഗർഡർ രണ്ടുവർഷം മുമ്പ് മാറ്റിവെച്ചിരുന്നു. ഇപ്പോഴത്തെ ട്രാക്കിലെ ചില ഗർഡറുകൾ കഴിഞ്ഞ ഡിസംബറിലും മാറ്റിയിരുന്നു. ശേഷിക്കുന്ന പ്രവൃത്തികളാണ് വ്യാഴാഴ്ച നടന്നത്. വ്യാഴാഴ്ച മാറ്റിവെക്കുന്നതിനുള്ള ഉരുക്ക് ഗർഡറുകൾ നേരത്തേ സമീപത്ത് സജ്ജമാക്കിയിരുന്നു.
പ്രവൃത്തികൾക്കാവശ്യമായ യന്ത്രസാമഗ്രികൾ കഴിഞ്ഞ ഏതാനും ദിവസ്സങ്ങളിലായി റെയിൽവേ വഴി സമീപത്ത് എത്തിക്കുകയും ചെയ്തു. മൂന്ന് കൂറ്റൻ ക്രെയിനുകളാണ് ഇതിനായി സജ്ജീകരിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.