അപാകതകൾ പരിഹരിക്കാതെ ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രം സമരം നടത്തുമെന്ന് എം.എൽ.എ
text_fieldsചാലക്കുടി: ഉദ്ഘാടനം കഴിഞ്ഞ് രണ്ടുവർഷമായിട്ടും ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തിലെ നിർമാണ അപാകതകൾ പരിഹരിച്ചില്ല. കോടികൾ മുടക്കി നിർമിച്ച സ്ഥാപനം പൂർണമായി ജനങ്ങൾക്ക് തുറന്നുകൊടുക്കാത്തത് അധികാരികളുടെ അനാസ്ഥ മൂലമാണെന്നാണ് ആക്ഷേപം. അപാകതകൾ പരിഹരിക്കാത്തതിനാൽ ഏഴുകോടി രൂപ ചെലവിൽ ഇറക്കുമതി ചെയ്ത പ്രൊജക്ഷൻ സിസ്റ്റവും അനുബന്ധ സാമഗ്രികളും സ്ഥാപിക്കാൻ സാധിച്ചിട്ടില്ല.
ചോദിക്കാനും പറയാനും നാഥനില്ലാത്ത അവസ്ഥയാണിവിടെ. നിർമാണം കഴിഞ്ഞ് വർഷങ്ങളായിട്ടും മേഖല ശാസ്ത്ര കേന്ദ്രത്തിന് സ്വതന്ത്ര ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനെ പോലും നിയമിക്കുവാൻ പോലും അധികാരികൾക്കായിട്ടില്ല.
2021 ഫെബ്രുവരി 16ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായിട്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ബി.ഡി. ദേവസി എം.എൽ.എ ആയിരുന്ന കാലയളവിലാണ് ചാലക്കുടിയിൽ മേഖല ശാസ്ത്ര കേന്ദ്രം നിർമാണം ആരംഭിച്ചത്. അതിരപ്പിള്ളി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തുന്ന നൂറു കണക്കിന് വിദ്യാർഥികൾക്ക് പ്രയോജനകരമാകാൻ പോട്ട പനമ്പിള്ളി കോളജിന് സമീപം ഇത് നിർമിച്ചത്.
ഇതോടെ 31ന് ചാലക്കുടി മേഖല ശാസ്ത്ര കേന്ദ്രത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തുമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു. നിർമാണത്തിലെ അപാകതകൾ പരിഹരിച്ച് പൊതുജനങ്ങൾക്ക് തുറന്ന് കൊടുക്കണമെന്ന് സംസ്ഥാന സർക്കാറിനോട് നിരന്തരമായി ആവശ്യപ്പെടുന്നതാണെന്ന് എം.എൽ.എ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ 2022ൽ നടന്ന യോഗത്തിൽ പ്രശ്നം പരിഹരിക്കുമെന്നും പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്നുമുള്ള മന്ത്രി ആർ. ബിന്ദുവിന്റെ ഉറപ്പ് പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചീഫ് ടെക്നിക്കൽ എക്സാമിനറുടെ നേതൃത്വത്തിൽ പരിശോധന നടത്തി ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപാകതകൾ പരിഹരിക്കാനാണ് മന്ത്രിയുടെ സാന്നിധ്യത്തിൽ തീരുമാനിച്ചിരുന്നത്. എത്രയും വേഗം കേന്ദ്രം തുറക്കണമെന്നും നിർമാണത്തിലെ അപാകതകൾക്ക് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണെമെന്നും അവശ്യപ്പെട്ട് സത്യഗ്രഹ സമരം നടത്തുമെന്നും എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.