ചാലക്കുടി റവന്യു ടവർ നിർമാണം വൈകുന്നു
text_fieldsചാലക്കുടി: താലൂക്ക് രൂപവത്കരിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും റവന്യു ടവര്‍ നിർമാണം ആരംഭിച്ചില്ല. ചാലക്കുടി താലൂക്കിലെ ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സ്ഥലം എവിടെയാവണം എന്ന തർക്കങ്ങൾക്കിടയിൽ നിർമാണം നീണ്ടു പോവുകയായിരുന്നു. ദേശീയപാതയോരത്ത് മിനി സിവിൽ സ്റ്റേഷന് സമീപം പഴയ പൊലീസ് ക്വാർട്ടേഴ്സിന്റെ ഉപയോഗശൂന്യമായ സ്ഥലം റവന്യു ടവർ നിർമിക്കാൻ നിർദേശിക്കപ്പെട്ടിരുന്നു. ഇതിന് 24.63 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.
എസ്.പി.വി ആയ ഭവന നിർമാണ ബോര്‍ഡ് വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി കിഫ്ബിയുടെ പി.എഫ്.എം.എസ് പോര്‍ട്ടല്‍ മുഖേന സമര്‍പ്പിച്ചിട്ടുണ്ട്. നിലവിൽ ചാലക്കുടി നഗരമധ്യത്തിലുള്ള ടൗൺ ഹാൾ വാണിജ്യ സമുച്ചയത്തിലെ നാലാം നിലയിൽ പരിമിതമായ സ്ഥലത്ത് അസൗകര്യങ്ങളുടെ നടുവിലാണ് നിലവില്‍ താലൂക്ക് ഓഫിസിന്റെ പ്രവർത്തനം. വിവിധ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത് താലൂക്ക് അധികൃതരാണ്.
ആദിവാസികളും തോട്ടം തൊഴിലാളികളും കര്‍ഷകരുമുള്‍പ്പെടെയുള്ള സാധാരണക്കാര്‍ പട്ടയ ആവശ്യങ്ങള്‍ക്കായി ദൈനംദിനം ബന്ധപ്പെടുന്നതും ഇവിടെയാണ്. ചാലക്കുടിയില്‍ റവന്യു വകുപ്പിന് എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫിസ് സമുച്ചയം പണിയേണ്ടതിന്റെ ആവശ്യകത കിഫ്ബി അധികൃതരെ ബോധ്യപ്പെടുത്തി റവന്യു ടവര്‍ യാഥാർഥ്യമാക്കുന്നതിനുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ റവന്യു മന്ത്രി കെ.രാജനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.