ചാലക്കുടിപ്പുഴയിലെ മണ്ണ് നീക്കലിനെതിരെ പ്രതിഷേധം; മേലൂരിൽ തടഞ്ഞു
text_fieldsമേലൂർ പഞ്ചായത്തിലെ കോവിലകം കടവ് ഭാഗത്ത് പുഴയോരത്തെ മണ്ണ് നീക്കൽ നാട്ടുകാർ വ്യാഴാഴ്ച തടഞ്ഞു. ഇതേതുടർന്ന് പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് അംഗവും സ്ഥലത്തെത്തി.
മണ്ണെടുപ്പുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാവിലെ പൂലാനിയിൽ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ട്. 2018ലെയും 19ലെയും പ്രളയത്തെ തുടർന്ന് ചാലക്കുടിപ്പുഴയോരത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കംചെയ്യാൻ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇറിഗേഷൻ വകുപ്പിന്‍റെ നേതൃത്വത്തിൽ മണ്ണ് നീക്കുന്ന പ്രവൃത്തി ആരംഭിച്ചത്. ചാലക്കുടി നഗരസഭ, മേലൂർ, പരിയാരം പഞ്ചായത്തുകളിലെ പുഴയോരത്ത് മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മൺതിട്ടകൾ നീക്കുന്ന പ്രവൃത്തി ഏതാനും ദിവസങ്ങളായി നടന്നുവരുന്നുണ്ട്.
പ്രളയത്തിൽ ചാലക്കുടിപ്പുഴയുടെ കരകളിൽ അടിഞ്ഞ മണ്ണ് പുഴയുടെ ഒഴുക്കിനെ തടയുമെന്നും മഴക്കാലത്ത് കരയിലേക്ക് വെള്ളം കയറാൻ വഴിയൊരുക്കുമെന്നുമാണ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.
മഴക്കാലത്തിന് മുമ്പ് മണ്ണ് നീക്കൽ തീർക്കാനുള്ള തിരക്കിലാണ് ഇറിഗേഷൻ അധികൃതർ.
എന്നാൽ, മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള പ്രവൃത്തിയിൽ പുഴയിലെ മൺ തുരുത്തുകൾ നീക്കംചെയ്യപ്പെടുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ട്. ഇതോടെ പുഴയിലെ ജലനിരപ്പ് അൽപം താഴ്ന്നതായും നാട്ടുകാർ പറയുന്നു. പുഴയിലെ മണ്ണ് നീക്കുന്നതുകൊണ്ട് മാത്രം വെള്ളപ്പൊക്കം ഒഴിവാകില്ല. മൺതിട്ടകൾ ഇല്ലാതാകുമ്പോൾ മഴക്കാലത്ത് തൊട്ട് ചേർന്ന കര ഇടിയാൻ സാധ്യതയുണ്ടെന്നും പരിസ്ഥിതിവാദികളടക്കമുള്ള പ്രതിഷേധക്കാർ പറയുന്നു. വെള്ളപ്പൊക്കം ഒഴിവാക്കാനെന്ന പേരിൽ എല്ലാ പുഴകളിൽ നിന്നും മണ്ണും മണലും നീക്കം ചെയ്യുന്നത് ആവശ്യമായ ശാസ്ത്രീയ പഠനങ്ങളില്ലാതെയാണ്. ദുരന്ത നിവാരണത്തിന്റെ പേരുപറഞ്ഞ് ദുരന്ത സാധ്യത വർധിപ്പിക്കുന്ന നടപടിയാണിതെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു.
മണ്ണെടുപ്പ് തടയാൻ പഞ്ചായത്ത് ഇടപെടണമെന്നും വിശദവും സുതാര്യവുമായ ശാസ്ത്രീയ പഠനം വേണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.