ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നു; എൻ.ഡി.ആർ.എഫ് ടീം സന്ദർശിച്ചു
text_fieldsചാലക്കുടി: ചാലക്കുടി മേഖലയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ മഴ. മേലൂർ, ചാലക്കുടി, പരിയാരം തുടങ്ങി പല സ്ഥലങ്ങളിലും 110 മില്ലി മീറ്ററിലും കൂടുതലായി മഴ രേഖപ്പെടുത്തി. പെരിങ്ങൽകുത്ത് ഡാമിൽനിന്ന് പുഴയിലേക്ക് വെള്ളം തുറന്നു വിട്ടു തുടങ്ങി. പുഴയിലെ ജലനിരപ്പ് ഇതേതുടർന്ന് ഒരു മീറ്ററിൽ അധികം ഉയർന്നു. ഡാമുകളിലെ ജലനിരപ്പ് അത്ര ഉയർന്നതല്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ല.
മുൻകരുതലായി ദുരന്ത സാധ്യതയുള്ള ചാലക്കുടി താലൂക്കിെൻറ വിവിധ സ്ഥലങ്ങളിൽ എൻ.ഡി.ആർ.എഫ് (ദേശീയ ദുരന്ത നിവാരണ സേന) ടീം സന്ദർശനം നടത്തി. തിങ്കളാഴ്ച രാത്രിയോടെ പെരിങ്ങലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. ചൊവ്വാഴ്ച രാവിലെ ഏഴ് മണി മുതൽ പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നുള്ള അധികജലം ചെറിയ തോതിൽ ചാലക്കുടി പുഴയിലേക്ക് ഒഴുകി തുടങ്ങി. പുഴയുടെ തീരങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന അറിയിപ്പ് ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്.
മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി കഴിഞ്ഞ ദിവസം എൻ.ഡി.ആർ.എഫ് ടീം ചാലക്കുടി താലൂക്കിലെ ദുരന്ത സാധ്യത പ്രദേശങ്ങളായ പരിയാരം വില്ലേജിലെ, കാഞ്ഞിരപ്പിള്ളി ഐ.എച്ച്.ഡി.പി. കോളനി, അതിരപ്പിള്ളി വില്ലേജിലെ മയിലാടും പാറ എന്നിവിടങ്ങളിലാണ് പ്രധാനമായും എത്തിയത്. ആരക്കോണം ഫോർത്ത് ബറ്റാലിയനിലെ സബ് ഇൻസ്പെക്ടർമാരായ സഞ്ജീപ് ദെസ്വാൾ, എസ്. ദെഹരിയ, ലെയ്സൺ ഓഫിസർ വി. സനീഷ് എന്നിവരടങ്ങിയ ടീമാണ് സന്ദർശനം നടത്തിയത്.
ചാലക്കുടി താലൂക്ക് ഓഫിസിലെ ഡിസാസ്റ്റർ മാനേജ്മെൻറ് ഡെപ്യൂട്ടി തഹസിൽദാർ കെ.എ. ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ ടി. കെ. രാധാകൃഷ്ണൻ, കെ.പി. രമേശൻ എന്നിവരും വില്ലേജ് ഓഫിസർമാരായ കെ. ഹരിദാസ്, കെ.എ. സോമരാജൻ എന്നിവരും എൻ.ഡി.ആർ.എഫ് സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.