ചാലക്കുടി ഗവ. സ്കൂളിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്ന് ആവശ്യം
text_fieldsചാലക്കുടി: ഗവ. ബോയ്സ് ഹൈസ്കൂളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിൽ നഗരസഭ അനാസ്ഥ വെടിയണമെന്ന് ആവശ്യം. പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചുമാറ്റൽ വൈകുന്നതിനാൽ സ്കൂളിലെ അഞ്ച് കോടിയുടെ വികസന പ്രവർത്തനം തടസ്സപ്പെട്ട നിലയിലാണ്. കൂടാതെ വിദ്യാർഥികളുടെ സുരക്ഷക്കും ഭീഷണിയാണ്. ചുറ്റുമതിൽ ഇല്ലാത്തതിനാൽ കെട്ടിടങ്ങളിൽ സാമൂഹികവിരുദ്ധ ശല്യമുള്ളതായും ആക്ഷേപമുണ്ട്.
സ്കൂളിനോട് ചേർന്ന് കളിസ്ഥലവും പവിലിയനും നിർമിക്കാൻ ബി.ഡി. ദേവസി എം.എൽ.എ ആയിരിക്കുമ്പോൾ അഞ്ച് കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി സ്ഥലം സ്പോർട്സ് കൗൺസിലിന് കൈമാറേണ്ടതുണ്ട്. പുതിയ ഹൈടെക് കെട്ടിടം കഴിഞ്ഞ വർഷമാണ് ഉദ്ഘാടനം ചെയ്തത്. ഒരുവർഷം കഴിഞ്ഞിട്ടും പഴയ കെട്ടിടങ്ങൾ പൂർണമായി പൊളിച്ചിട്ടില്ല. വിമർശനം ഉയർന്നപ്പോൾ കെട്ടിടങ്ങൾ ഭാഗികമായി മാത്രമാണ് പൊളിച്ചത്. ഇതിനാൽ സ്കൂൾ വികസനം നിലച്ചതായി നാട്ടുകാർക്ക് പരാതിയുണ്ട്.
140 വർഷത്തോളം പഴക്കമുള്ളതാണ് ചാലക്കുടി ഗവ. ഹൈസ്കൂൾ കെട്ടിടങ്ങൾ. അവ ജീർണാവസ്ഥയിലായപ്പോഴാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചത്. സ്കൂളിന്റെ പഴയ കളിസ്ഥലം ദേശീയപാത ബൈപാസ് നിർമാണത്തിന് നഷ്ടപ്പെട്ടതോടെ സ്കൂളിനോട് ചേർന്ന് കളിസ്ഥലം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. അതിനായി പുതിയ കെട്ടിടങ്ങൾ സ്കൂളിന്റെ ഒരു വശത്തേക്ക് മാറ്റി നിർമിക്കുകയായിരുന്നു. പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി അവിടെ കളിസ്ഥലമൊരുക്കാനാണ് പദ്ധതി. കളിസ്ഥലം ഇല്ലാത്തതിനാൽ കായികമായി മുന്നിൽനിന്നിരുന്ന സ്കൂൾ പിന്നോട്ടാവുകയും ചെയ്തിരുന്നു. കളിസ്ഥല നിർമാണത്തിന് എത്രയും വേഗം പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കണമെന്നാണ് ആവശ്യം. കൂടാതെ ചുറ്റുമതിൽ നിർമിച്ച് സ്കൂൾ സുരക്ഷിതമാക്കുകയും വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.