ചാലക്കുടിയിലെ ഗതാഗത പരിഷ്കാരം; വ്യാപാരികൾക്ക് വഴങ്ങി നഗരസഭ ചെയർമാൻ
text_fieldsചാലക്കുടി: നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾക്കെതിരായ വ്യാപാരികളുടെ സമ്മർദത്തിന് മുന്നിൽ നഗരസഭ ചെയർമാൻ കീഴടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി നഗരത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ മാറ്റങ്ങൾ വിലയിരുത്താൻ ചേർന്ന ട്രാഫിക് പരിഷ്കരണ കമ്മിറ്റി യോഗത്തിൽ വ്യാപാരികൾ ചെയർമാനെ അടിയറവ് പറയിപ്പിക്കുകയായിരുന്നു.
മാള ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ അടിപ്പാത വഴി ട്രാംവെ ജങ്ഷനിലൂടെ പോകണമെന്ന പരിഷ്കാരത്തെ വ്യാപാരികളും സ്വകാര്യ ബസ് ജീവനക്കാരും ഒന്നിച്ച് എതിർത്തതോടെ ചെയർമാന് മുട്ടുമടക്കേണ്ടി വരികയായിരുന്നു.
യോഗത്തിൽ സർവത്ര ബഹളമായിരുന്നു. മാധ്യമങ്ങളെ യോഗത്തിലേക്ക് ചെയർമാൻ പ്രവേശിപ്പിച്ചതുമില്ല. മാള ഭാഗത്തുനിന്ന് വരുന്ന ബസുകൾ അടിപ്പാത കടന്ന് മിനി സിവിൽ സ്റ്റേഷൻ വഴി തിരിഞ്ഞ് ട്രഷറിയുടെ മുന്നിലൂടെ നോർത്ത് ജങ്ഷനിലേക്ക് പോകണമെന്നാണ് ചാലക്കുടി മർച്ചന്റ്സ് അസോസിയേഷൻ നിർബന്ധം പിടിക്കുന്നത്.
അല്ലെങ്കിൽ അവിടത്തെ റോഡിലുള്ള വ്യാപാരികളുടെ ബിസിനസ് നഷ്ടപ്പെടുമെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ച് വ്യാപാരികൾ കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിൽ പ്രതിഷേധവും നടത്തിയിരുന്നു. മാള ഭാഗത്തുനിന്ന് വരുന്ന സ്വകാര്യ ബസുകൾ പലതും ട്രാംവെ ജങ്ഷൻ വഴി പോകാതെ ട്രഷറിയുടെ മുന്നിലൂടെയാണ് പോയിരുന്നത്.
ട്രാംവെ ജങ്ഷൻ വഴി പോയാൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്നും ബസുകൾ എത്താൻ താമസിക്കുമെന്നുള്ള ന്യായമാണ് ബസുകാർക്ക് ഉന്നയിക്കാനുള്ളത്.
വ്യാപാരികൾക്ക് കീഴടങ്ങുന്ന ചെയർമാന്റെ നീക്കത്തിനെതിരെ നഗരത്തിൽ വിമർശനവും ഉയർന്നിട്ടുണ്ട്. നഗര വികസനം ഒരു ഭാഗത്ത് മാത്രം ഒതുങ്ങി നിൽക്കേണ്ടതല്ലെന്നും നോർത്ത് ഭാഗത്തും വേണമെന്നും നഗരസഭ എൽ.ഡി.എഫ് നേതാവ് സി.എസ്. സുരേഷ് പറഞ്ഞു. പാർക്കിങ് സൗകര്യവും മറ്റും ഉണ്ടായാൽ ആരുടെയും കച്ചവടം നഷ്ടപ്പെടില്ലെന്നും ജനങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.