ചാലക്കുടി ട്രാംവെ മ്യൂസിയം; കെട്ടിടങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം
text_fieldsചാലക്കുടി: ചാലക്കുടി ട്രാംവെ ചരിത്ര പൈതൃക മ്യൂസിയം നിർമാണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൻ ആലിസ് ഷിബു, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, സ്ഥിരം സമിതി അധ്യക്ഷരായ തോമസ് ജോർജ്, സൂസമ്മ ആന്റണി, സൂസി സുനിൽ, നഗരസഭ അംഗം ബിന്ദു ശശികുമാർ തുടങ്ങിയവർ സംസാരിച്ചു.
റയിൽവേ സ്റ്റേഷൻ റോഡിൽ ചാലക്കുടി ഐ.ടി.ഐക്ക് സമീപത്തെ പി.ഡബ്ല്യു.ഡി മെക്കാനിക്കൽ എൻജിനീയറിങ് വർക്ക് ഷോപ്പിലാണ് ട്രാംവെ മ്യൂസിയം നിർമിക്കുന്നത്. നേരത്തെ ഇത് ട്രാംവെയുടെ ഭാഗമായിരുന്നു. നൂറ്റാണ്ടിലേറെ പിന്നിടുന്ന ഇവിടത്തെ കെട്ടിടങ്ങൾ ആർക്കിയോളജിക്കൽ വകുപ്പ് നവീകരിക്കുന്ന പ്രവൃത്തി നടക്കുകയാണ്.
പ്രധാനമായും മൂന്ന് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. കൂടാതെ അനുബന്ധ ഷെഡ് വേറെയുമുണ്ട്. ഇതെല്ലാം ട്രാംവേ മ്യൂസിയത്തിന് വേണ്ടി പഴമ നിലനിർത്തി പുനർനിർമിക്കും. ട്രാംവെയുടെ കാലത്ത് ട്രാംവെയുടെ വാഗണുകൾ റിപ്പയർ ചെയ്യുന്ന വർക്ക് ഷോപ്പുകളായിരുന്നു. 1963ൽ ട്രാംവെ നിർത്തലാക്കിയപ്പോൾ അതുമായി ബന്ധപ്പെട്ട വസ്തുവകകൾ ഇതിനുള്ളിൽ സൂക്ഷിച്ചിരുന്നു. ചാലക്കുടി ഐ.ടി.ഐയിലും കുറച്ച് യന്ത്രങ്ങൾ ഉണ്ട്. മ്യൂസിയം നിർമാണം പൂർത്തിയായാൽ അതെല്ലാം ഇവിടെ പ്രദർശനത്തിന് വെക്കും.
പറമ്പിക്കുളം, ആളിയാര്‍ മേഖലയിലെ വന്മരങ്ങൾ ചാലക്കുടിയിലെത്തിക്കാന്‍ 1907ല്‍ ബ്രിട്ടീഷുകാര്‍ സ്ഥാപിച്ചതാണ് ചാലക്കുടി ട്രാംവെ. മുൻ എം.എൽ.എ ബി.ഡി. ദേവസ്സിയുടെ ശ്രമഫലമായി കെട്ടിടങ്ങളടക്കം 50 സെന്റ് സ്ഥലം മ്യൂസിയം നിർമാണത്തിന് സർക്കാർ അനുവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.