ചാലക്കുടി അടിപ്പാത നിർമാണം അവസാന ഘട്ടത്തിലേക്ക്
text_fieldsചാലക്കുടി: ചാലക്കുടി അടിപ്പാതയുടെ അവസാനഘട്ട പ്രവൃത്തി പൂർത്തീകരണത്തിലേക്ക്. പ്രവൃത്തികളുടെ ഭാഗമായി മൂന്ന് ദിവസം ഇവിടെ ഗതാഗതം നിരോധിക്കും. ദേശീയപാതയിൽ ഇതിന് മുകളിലെ മേൽപാതയിലൂടെ വാഹനങ്ങൾ കടത്തിവിട്ടിരുന്നു. എന്നാൽ, അടിപ്പാതയുടെ പ്രവൃത്തി പൂർത്തിയാക്കിയിരുന്നില്ല.
സർവിസ് റോഡിന്റെ ഇരുവശത്തെയും കാനകളുടെ നിർമാണം പുരോഗമിച്ചുവരുകയായിരുന്നു. ഭാഗികമായി ഗതാഗതം നടത്തിയിരുന്നെങ്കിലും പണികളുടെ ഭാഗമായി ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. അടിപ്പാതയുടെ അവസാനഘട്ട പണികളാണ് നടക്കുന്നത്. ഇതിനായി വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കാന നിർമാണം പൂർത്തിയായതിനെ തുടർന്ന് ടാറിങ് പ്രവൃത്തികളാണ് നടക്കുന്നത്.
കിഴക്ക് വശത്തെ സർവിസ് റോഡ് സിവിൽ സ്റ്റേഷൻ മുതൽ ആര്യങ്കാല മസ്ജിദ് വരെയും പടിഞ്ഞാറെ സർവിസ് റോഡ് നഗരസഭ ജങ്ഷൻ മുതൽ ക്രസന്റ് സ്കൂൾ വരെയും അടിപ്പാത കടന്നുപോകുന്ന പ്രധാന ട്രാംവെ റോഡ് പടിഞ്ഞാറ് തച്ചുടപറമ്പ് റോഡ് മുതൽ കിഴക്ക് എ.ഇ.ഒ ഓഫിസ് വരെയുമാണ് ടാറിങ് നടത്തുന്നത്.
അതിന്റെ ഭാഗമായി റെയിൽവേ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരസഭ ഓഫിസ് ജങ്ഷനിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് സർവിസ് റോഡ് വഴി സൗത്ത് മേൽപാലത്തിന്റെ താഴെ ഭാഗത്തിലൂടെ വരികയും പോവുകയും ചെയ്യണം. സിവിൽ സ്റ്റേഷൻ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരസഭ ജങ്ഷനിൽനിന്ന് ഇടത്തോട്ട് തിരിഞ്ഞ് നോർത്ത് ജങ്ഷൻ വഴി പോകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.