ചാലക്കുടി അടിപ്പാത നിർമാണം; മണ്ണെടുക്കാൻ പകരം സ്ഥലത്തിന് അന്വേഷണം
text_fieldsചാലക്കുടി: പീലാർമുഴിയിലെ കോട്ടാമലയിൽ നിന്നുള്ള മണ്ണെടുപ്പ് നിലച്ചതോടെ ചാലക്കുടി അടിപ്പാത നിർമാണത്തിന് മണ്ണിന് വേണ്ടിയുള്ള അന്വേഷണം ഊർജിതമായി. ജനങ്ങളുടെ എതിർപ്പ് ഉയരാതെ നിയമാനുസൃതം മണ്ണെടുക്കാൻ കഴിയുന്ന സ്ഥലത്തിനായാണ് അന്വേഷണം.
നിരവധി കരാർ ജോലികൾ ചെയ്ത പെരുമ്പാവൂർ ഇ.കെ.കെ കമ്പനിയെ സംബന്ധിച്ചിടത്തോളം മണ്ണ് കണ്ടെത്തൽ അത്ര വിഷമകരമല്ല. നിരവധി വ്യക്തികൾ മണ്ണെടുക്കാൻ അപേക്ഷ നൽകിയ സാഹചര്യവുമുണ്ട്. എന്നാൽ, പുതിയ സ്ഥലം 10 കിലോ മീറ്റർ ചുറ്റളവിലാണെങ്കിൽ മാത്രമേ മണ്ണെടുപ്പ് ലാഭകരമാകൂ.
അങ്ങനെ ഒരു സ്ഥലം കണ്ടെത്തിയാൽ തന്നെ ജിയോളജി വകുപ്പിന്റെ അടക്കം അനുമതിക്കും മറ്റ് നിയമ നടപടികൾക്കും സമയം ആവശ്യമാണ്. അത് ഫലത്തിൽ അടിപ്പാത പൂർത്തീകരണം വൈകിപ്പിക്കും.
അതേസമയം, പീലാർമുഴിയിൽനിന്ന് തന്നെ മണ്ണെടുക്കുന്നതിനെക്കുറിച്ചും ബന്ധപ്പെട്ടവർ ആലോചിക്കുന്നു. ടോറസ് ലോറികൾ റോഡും പാലവും തകർക്കുന്നതിനെതിരെയുള്ള വിലക്കാണ് മണ്ണെടുപ്പിനെ ബാധിച്ചത്. ചെറിയ ലോറികളിൽ മണ്ണ് കയറ്റിയാൽ ഈ പ്രശ്നം മറികടക്കാനാവും.
പിന്നെ ബാക്കിയുള്ളത് പാരിസ്ഥിതിക പ്രശ്നം മാത്രമാണ്. ഈ പ്രശ്നം ഉന്നയിച്ച് മണ്ണെടുപ്പിനെതിരെ ഇതുവരെ ആരും ഹൈകോടതിയെ സമീപിച്ചിട്ടില്ല. മണ്ണെടുപ്പിനെതിരെ എൽ.ജെ.ഡിയുടെ നേതൃത്വത്തിൽ സമരസമിതി നടത്തിവന്ന അനിശ്ചിതകാല സമരം തൽക്കാലം നിർത്തിയിട്ടുണ്ട്. പീലാർമുഴിയിലെ മണ്ണെടുപ്പ് നിർത്തിയത് മൂലമാണ് സമരം നിർത്തിയത്.
എന്നാൽ, മണ്ണെടുപ്പ് വീണ്ടും തുടങ്ങിയാൽ സമരം ആരംഭിക്കുമെന്നാണ് സൂചന. അടിപ്പാത നിർമാണം നിലക്കുന്നത് ചാലക്കുടി മേഖലയിൽ വൈകാരിക പ്രശ്നം ഉയർത്തും. ഏറെക്കാലത്തെ ആവശ്യമാണിത്. അതിനാൽ ബന്ധപ്പെട്ടവർ പ്രശ്നം പരിഹരിക്കുന്നത് സംബന്ധിച്ച് തിരക്കിട്ട ആലോചനയിലാണ്. പ്രശ്നം ചർച്ച ചെയ്യാൻ അടുത്ത ആഴ്ച സർവകക്ഷി യോഗം ചേർന്നേക്കും.
തുടക്കത്തിൽ മണ്ണെടുപ്പിനെതിരെ കാര്യമായ എതിർപ്പ് ഉയർന്നിരുന്നില്ല. എൽ.ജെ.ഡിയാണ് സമരത്തെ മുന്നോട്ട് കൊണ്ടുവന്നത്. പിന്നീടാണ് എതിർപ്പ് ശക്തമായത്. സി.പി.എം അടക്കമുള്ള പാർട്ടികൾ മണ്ണെടുപ്പിനെതിരെ രംഗത്തുവന്നതോടെ മണ്ണെടുപ്പ് ധർമസങ്കടത്തിലായി. കോൺഗ്രസുകാർക്കും രംഗത്ത് വരേണ്ടി വന്നു. 2018ൽ ഉരുൾപ്പൊട്ടലുണ്ടായ സ്ഥലമെന്ന ഘടകവും ചേർന്നപ്പോൾ ജനവികാരവും ഇതിനെതിരെയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.