ചാലക്കുടി അടിപ്പാത നിർമാണം വീണ്ടും സജീവമായി
text_fieldsചാലക്കുടി: പീലാർമുഴിയിലെ മണ്ണെടുപ്പിനെ തുടർന്ന് വിവാദത്തിലായ ദേശീയപാതയിലെ അടിപ്പാത നിർമാണം വീണ്ടും ഊർജിതമായി. മഴയെത്തും മുൻപ് പണികൾ ആവുന്നത്ര പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് പ്രവൃത്തികൾ മുന്നേറുന്നത്.
ചെറിയ ടിപ്പർ ലോറികളിൽ എത്തുന്ന മണ്ണ് റോഡ് റോളറുകൾ ഉപയോഗിച്ച് നിരപ്പാക്കുന്നത് തുടരുന്നു. അതോടൊപ്പം അരിക് ഭിത്തികളുടെ നിർമാണവും നടക്കുന്നു. ഇവ നിറക്കാൻ ഇനിയും ഏറെ മണ്ണ് വേണം. അത് വേനൽക്കാലത്ത് തന്നെ എടുക്കുന്നതാണ് സുരക്ഷിതം.
വേനൽമഴ ശക്തമായില്ലെങ്കിൽ ജൂണിന് മുൻപ് ഏകദേശം പണികൾ പൂർത്തിയാക്കാനാകും. മഴക്കാലമെത്തിയാൽ പ്രതിസന്ധികൾ ഉണ്ടാവും. പീലാർമുഴിയിൽ നിന്ന് തന്നെയാണ് ഇപ്പോഴും മണ്ണെത്തുന്നത്. ടോറസ് ലോറികൾ മണ്ണെടുക്കാനെത്തുന്നില്ല. 10 ടണ്ണിൽ കൂടുതൽ ഭാരമുള്ള ലോറികൾ പഞ്ചായത്ത് നിരത്തിലൂടെ കടന്നു പോവുന്നത് പരിയാരം പഞ്ചായത്ത് കർശനമായി തടഞ്ഞതോടെയാണ് മണ്ണെടുപ്പ് ഒരാഴ്ചയിലധികം നിലച്ചത്.
ഉരുൾപ്പൊട്ടൽ ഉണ്ടായ പീലാർമുഴി കോട്ടാമലയിൽ നിന്ന് മണ്ണെടുക്കുന്നത് ഗുരുതര പാരിസ്ഥിതിക പ്രശ്നം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി എൽ.ജെ.ഡി നേതൃത്വത്തിൽ സമരം ആരംഭിക്കുകയും ചെയ്തിരുന്നു. മണ്ണെടുപ്പ് നിർത്തിയതോടെ സമരവും നിർത്തിയിരുന്നു. എന്നാൽ മണ്ണെടുപ്പ് ആരംഭിച്ചതിനെ തുടർന്ന് സമരം വീണ്ടും ആരംഭിക്കുമോയെന്ന ആശങ്ക നിലനിൽക്കുന്നു.
അങ്ങനെ വന്നാൽ ബദൽ മാർഗങ്ങൾ ആലോചിക്കുന്നുണ്ട്. മണ്ണെടുക്കുന്നതിന് നിരവധി പേർ ജിയോളജി വിഭാഗത്തിൽ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ വിവിധ നിയമ നൂലാമാലകൾ ചൂണ്ടിക്കാട്ടി അവർക്ക് അധികൃതർ അനുമതി നൽകുന്നില്ലെന്ന പരാതിയും നിലനിൽക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.