ബിരിയാണി മേളകളിലൂടെ ജീവകാരുണ്യത്തിൻെറ കേന്ദ്രമായി ടെൻസനും കൂട്ടുകാരും
text_fieldsചാലക്കുടി: കേക്ക് നിർമാണ കേന്ദ്രമായ പരിയാരം ഗ്രാമത്തെ ബിരിയാണി മേളകളിലൂടെ ജീവകാരുണ്യത്തിെൻറ കേന്ദ്രമാക്കുകയാണ് വി.എം. ടെൻസനും കൂട്ടുകാരും. ബിരിയാണി മേളകൾ നടത്തി ഇവർ ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ചികിത്സ സഹായമാണ് നൽകിയത്.
അതിനായി ഈ കോവിഡ് കാലത്തും ഇവരുടെ കാറ്ററിങ് യൂനിറ്റിൽ ഉണ്ടാക്കിയത് പതിനായിരക്കണക്കിന് ബിരിയാണിയാണ്. ഒടുവിൽ വരുന്ന ഞായറാഴ്ച അർബുദത്തിൻെറ വേദനയിൽനിന്ന് സഹായം കിട്ടാൻ കാഞ്ഞിരപ്പള്ളിയിലെ കണ്ണോളി അജിയുടെ ഭാര്യ ഷീജക്കു വേണ്ടിയാണ് ഇവർ ബിരിയാണി മേള സംഘടിപ്പിക്കുന്നത്.
ലോക്ഡൗൺ കാലത്ത് ഓൺലൈനിൽ വിൽപന നടത്തി 9500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയാണ് കോവിഡ് കാലത്തെ തുടക്കം. ബിരിയാണി മേളകളിലൂടെ പരിയാരത്ത് രണ്ട് നിർധന കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകി. ശരീരം തളർന്ന പരിയാരത്തെ രാജലക്ഷ്മിക്കും ഇരു വൃക്കകളും പ്രവർത്തനരഹിതമായ കുറ്റിക്കാട്ടെ അനന്തുവിനും വേണ്ടിയും പരിയാരത്തെ ഒരു വ്യക്തിക്ക് ഗർഭപാത്രം മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കും ബിരിയാണി മേളയൊരുക്കി.
മോതിരക്കണ്ണിയിലെ മഞ്ജുവിന് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്കു വേണ്ടിയും ബിരിയാണി മേളയിലൂടെ പണം സ്വരൂപിച്ചു. ശരീരം തളർന്ന മുനിപ്പാറയിലെ ബാലൻ, ഇരു വൃക്കകളും തകർന്ന പരിയാരത്തെ ഓട്ടോ ഡ്രൈവർ പൊറത്തുക്കാരൻ ആൻറു, മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനാകുന്ന വേളൂക്കരയിലെ റൊണാൾഡ് പോളി എന്നിവർക്ക് ഇതുവഴി സഹായം കിട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.