കോളനിയിലെ കുരുന്നുകൾക്കും ഓൺലൈൻ പഠനത്തിെൻറ ആവേശം
text_fieldsഅതിരപ്പിള്ളി: ഉരുൾപൊട്ടൽ ഭീതിയിൽ പഴയ ഊര് ഉപേക്ഷിച്ച് കാടിന് നടുവിൽ മറ്റൊരു താവളം കണ്ടെത്തിയ ആനക്കയം കോളനിക്കാരും ഓൺലൈൻ പഠനത്തിെൻറ ആവേശത്തിൽ. കഴിഞ്ഞ വർഷം ടി.വിയും മറ്റും ലഭിച്ചിരുന്നെങ്കിലും വീടും വൈദ്യുതിയും ഇല്ലാതെ പാറപ്പുറത്ത് താമസിക്കേണ്ടി വന്നതിനാൽ പ്രവർത്തിപ്പിക്കാനായില്ല. ഇത്തവണ സോളാർ സംവിധാനം ഒരുക്കിയതോടെയാണ് ഇവർക്ക് ഓൺലൈൻ പഠനത്തിന് അവസരം തെളിഞ്ഞത്.
വിക്ടേഴ്സ് ചാനലിൽ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓൺലൈൻ പ്രവേശനോത്സവം കണ്ട് ഇവർ പഠനത്തിെൻറ ഉത്സാഹത്തിലാണ്. 10 വിദ്യാർഥികളാണ് ഇവിടെയുള്ളത്. പെരിങ്ങൽക്കുത്ത് എൽ.പി സ്കൂളിലാണ് ഇവർ പ്രവേശനം തേടുക. 2018ലെ പ്രളയത്തെ തുടർന്ന് ഉരുൾപൊട്ടൽ ഭീതിയിലായ ഇവർ ആനക്കയത്തെ കോളനി ഉപേക്ഷിച്ച് കാട്ടിനുള്ളിലെ പാറക്കെട്ടിൽ പോയി താമസമാക്കുകയായിരുന്നു.
വൈദ്യുതി സൗകര്യമുള്ള കോളനിയാണ് ഇവർ വിട്ടുപോന്നത്. പഴയ സ്ഥലത്തുതന്നെ താമസിക്കാൻ അധികൃതർ പലതവണ പറഞ്ഞെങ്കിലും ഇവർ തിരിച്ചുപോകാൻ തയാറായില്ല. ഇതിനിടെ ജിയോളജി അധികൃതർ വന്ന് അവിടെ ഉരുൾപൊട്ടലിനുള്ള സാധ്യത തള്ളാനാവില്ലെന്ന് ചൂണ്ടിക്കാട്ടി. പകരം ഇവർക്ക് സ്ഥലം കണ്ടുപിടിക്കൽ സർക്കാറിനും തലവേദനയായി. രണ്ടു വർഷമായി ഇവർ പലയിടത്തായി താമസിച്ചു വരുകയായിരുന്നു. അവസാനം തവളക്കുഴിപ്പാറക്ക് പോകുന്ന വഴിയിൽ പോത്തുപാറ എന്ന സ്ഥലത്ത് താമസമുറപ്പിക്കുകയായിരുന്നു.
14 കുടിലുകൾ പാരമ്പര്യ രീതിയിൽ മുളകൊണ്ട് കെട്ടിപ്പൊക്കി ഈറ്റയുടെ ഇലകൾ മേഞ്ഞ് നിർമിച്ചു. തേക്ക് മരങ്ങൾ വെട്ടിയ സ്ഥലമായിരുന്നു ഇത്. പിന്നീട് സർക്കാർ ഇവർക്ക് ഇതേ സ്ഥലം അനുവദിക്കുകയായിരുന്നു. എന്നാൽ, വൈദ്യുതിയും മറ്റു സൗകര്യങ്ങളും എത്തേണ്ടതുണ്ട്. അതിരപ്പിള്ളി പഞ്ചായത്ത് സൗകര്യങ്ങൾ ഒരുക്കാൻ തയാറായിട്ടുണ്ട്. കുട്ടികളുടെ പഠനത്തിന് മേൽനോട്ടം വഹിക്കാൻ കോളനിയിലെത്തന്നെ ഒരു പെൺകുട്ടിയെ പ്രതിഫലം നൽകി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.