പുഴയിൽനിന്ന് കണ്ടെയ്നർ ലോറി നീക്കാൻ കലക്ടർക്ക് കൂട്ടപ്പരാതി
text_fieldsചാലക്കുടി: കണ്ടെയ്നർ ലോറി ചാലക്കുടിപ്പുഴയിൽനിന്ന് നീക്കം ചെയ്യാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നു. മഴക്കാലത്തിന് മുമ്പ് ലോറി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ല ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ല കലക്ടർക്ക് പരാതി പ്രവാഹിക്കുകയാണ്. ദേശീയപാതയിലെ ചാലക്കുടിപ്പുഴ പാലത്തില്‍നിന്ന് പുഴയില്‍ പതിച്ച കണ്ടെയ്നര്‍ ലോറി നാലു മാസത്തിലേറെയായി അവിടെ കിടക്കുകയാണ്. രണ്ടുവട്ടം ഇത് പാലത്തിനുമുകളിലേക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അത് വിജയിച്ചിരുന്നില്ല.
കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇത് നീക്കം ചെയ്യാന്‍ ഒരു ശ്രമവും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. ഉടമസ്ഥൻ ലോറി തീർത്തും ഉപേക്ഷിച്ച മട്ടാണ്. മഴക്കാലം തുടങ്ങാന്‍ ഒന്നരമാസമേയുള്ളൂ.
അതിനുള്ളില്‍ ഈ കണ്ടെയ്നര്‍ നീക്കം ചെയ്തില്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും വഴി വെക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വലിയ ഒഴുക്ക് വരുമ്പോള്‍ പുഴക്ക് കുറുകെ കിടക്കുന്ന 40 അടിയിലേറെ നീളമുള്ള കണ്ടെയ്നര്‍ അവിടെതന്നെ കിടക്കുകയാണെങ്കില്‍ ഒഴുക്കിന് പ്രതിബന്ധം സൃഷ്ടിക്കുകയും പാലത്തിലും ഇരുകരകളിലും വലിയ ജലസമ്മർദം സൃഷ്ടിക്കുകയും ചെയ്യും. സമീപങ്ങളില്‍ കരയിടിച്ചിലിനും വഴിവെക്കാനിടയുണ്ട്.
ഒഴുക്കിെൻറ ശക്തിയില്‍ കണ്ടെയ്നര്‍ ഇപ്പോള്‍ ഇരിക്കുന്ന ഇടത്തില്‍നിന്ന് തള്ളിമാറി താഴേക്ക് നീങ്ങാന്‍ സാധ്യത ഏറെയാണ്. അങ്ങനെ വന്നാല്‍ കണ്ടെയ്നര്‍ പുഴയില്‍ പതിഞ്ഞുപോയേക്കും. ഒപ്പം തന്നെ അതിനുള്ളില്‍ വലിയ തോതില്‍ ചളി അടിയുകയും ചെയ്യും. ഇത് പിന്നീട് കണ്ടെയ്നര്‍ നീക്കം ചെയ്യുന്നത് ദുഷ്കരമാക്കും. വാഹനത്തില്‍ നൂറുകണക്കിന് ലിറ്റര്‍ ഡീസലും എന്ജിന് ഓയിലുമെല്ലാം ഉണ്ട്. വെള്ളത്തില്‍ക്കിടന്ന് തുരുമ്പിക്കുന്നതോടെ ഈ ടാങ്കുകള്‍ പൊട്ടി എണ്ണ പുഴയില്‍ കലരും. ഇത് ഗുരുതര പരിസ്ഥിതി പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയും വൈന്തലയിലുള്പ്പെടെ കുടിവെള്ളവിതരണം നിര്‍ത്തിവെക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും.
കണ്ടെയ്നര്‍ മുകളിലേക്ക് ഉയര്‍ത്തിയെടുക്കാനാണ് നേരത്തേ രണ്ടുവട്ടവും ശ്രമിച്ചത്. ഇത് വലിയ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതിനെത്തുടര്‍ന്നാണ് ശ്രമം ഉപേക്ഷിച്ചത്. ഇതിനുപകരം കണ്ടെയ്നര്‍ പുഴയിലൂടെ വലിച്ച് കരയിലേക്ക് അടുപ്പിക്കാനുള്ള സാധ്യത പരിശോധിക്കാവുന്നതാണ്. പാലത്തിനു താഴെയുള്ള ചാലക്കുടി കണ്ണമ്പുഴ ക്ഷേത്രം കടവിലേക്ക് ഇത്തരത്തില്‍ അടുപ്പിക്കാനായാല്‍ ഗതാഗതതടസ്സം കൂടാതെ തന്നെ കണ്ടെയ്നര്‍ നീക്കം ചെയ്യാനാകുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.