കലാഭവൻ മണി സ്മാരക പാർക്ക് ഡിസംബറിൽ തുറക്കാൻ തീരുമാനം
text_fieldsചാലക്കുടി: കലാഭവൻ മണി സ്മാരക പാർക്ക് ഡിസംബറിൽ തുറക്കാൻ നഗരസഭ യോഗത്തിൽ തീരുമാനം. ഒന്നാംഘട്ട നിർമാണം പൂർത്തിയായിട്ടും പാർക്ക് തുറക്കാത്തതിൽ പ്രതിഷേധം ഉയർന്നിരുന്നു. പ്രഭാത, സായാഹ്ന നടത്തക്കാർക്കായി പാർക്ക് തുറന്ന് നൽകാനാണ് തീരുമാനമായത്.
കൗൺസിൽ ഒന്നാം വാർഷിക ഭാഗമായി ഡിസംബറിൽ തന്നെ നോർത്ത് ബസ് സ്റ്റാൻഡ് പ്രവർത്തനസജ്ജമാക്കാൻ തീരുമാനിച്ചു. 2021-22 വാർഷിക പദ്ധതി ഭേദഗതി കൗൺസിൽ അംഗീകരിച്ചു. കോവിഡ് പ്രതിരോധത്തിന് 50 ലക്ഷവും മാലിന്യ നിർമാർജനത്തിനും ശുചീകരണത്തിനും 41 ലക്ഷവും അനുവദിക്കാൻ തീരുമാനിച്ചു.
മാലിന്യം ശേഖരിക്കുന്ന ഹരിത കർമസേനയിലെ 51 അംഗങ്ങൾക്കും വേതനം 600 രൂപയായി വർധിപ്പിക്കാനും യോഗം തീരുമാനിച്ചു. കണ്ണംപുഴ ടെമ്പിൾ റോഡ് കാന നിർമാണം 10 ലക്ഷവും അംഗൻവാടി നിർമാണത്തിന് 15 ലക്ഷവും അനുവദിച്ചു. താലൂക്ക് ആശുപത്രിയിൽ ജൻ ഔഷധി കേന്ദ്രം തുടങ്ങണമെന്ന കൗൺസിൽ ആവശ്യം ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയെ അറിയിക്കാൻ തീരുമാനിച്ചു. ചെയർമാൻ വി.ഒ. പൈലപ്പൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.