അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിൽ വികസനം നിശ്ചലം
text_fieldsചാലക്കുടി: അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം മുരടിക്കുന്നു. പ്രതിവര്‍ഷം 25 ലക്ഷത്തോളം വിനോദസഞ്ചാരികള്‍ എത്തിച്ചേരുന്ന അതിരപ്പള്ളിയും മലക്കപ്പാറയും വാഴച്ചാലും ഉള്‍പ്പെടുന്ന വിനോദ സഞ്ചാര മേഖലയിലെ വികസന പദ്ധതികൾ ആരംഭിക്കുകയോ പൂർത്തീകരിക്കുകയോ ചെയ്യാതെ കിടക്കുകയാണ്. അതിരപ്പള്ളിയില്നിന്നും 55 കി.മീ ചുറ്റളവില്‍ അതിരപ്പള്ളി വെള്ളച്ചാട്ടം, വാഴച്ചാല്‍ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം, ചാര്‍പ്പ വെള്ളച്ചാട്ടം, തുമ്പൂര്‍മുഴി ഡാം, വിരിപ്പാറ, ഷോളയാര്‍ ഡാം, പെരിങ്ങല്‍കുത്ത് ഡാം, മലക്കപ്പാറ തുടങ്ങി നിരവധി ടൂറിസം പോയിന്റുകളാണുള്ളത്. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്വാഭാവികമായ സൗന്ദര്യമാണ് ഇവിടെയുള്ളതെന്നതാണ് എടുത്തുപറയേണ്ട പ്രത്യേകത. മലക്കപ്പാറയില്‍ 98.49 ലക്ഷം രൂപ ചെലവില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മാണം ആരംഭിച്ചുവെങ്കിലും ഭൂമിയെ സംബന്ധിച്ചുള്ള എതിര്‍പ്പിനെ തുടര്‍ന്ന് പ്രവൃത്തി തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യങ്ങള്‍ പരിമിതമായി തുടരുന്നു.
അതിരപ്പിള്ളിയില്‍ 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന 25 മുറികളുള്ള യാത്രി നിവാസിന്റെ പണി മന്ദഗതിയിലാണ്. അതിരപ്പിള്ളിയില്‍ പാര്‍ക്കിങ്ങിനായി അഞ്ച് കോടി രൂപയുടെ ഒരു പദ്ധതിയുണ്ടായിരുന്നു. അതും പ്രാവര്‍ത്തികമായിട്ടില്ല. ബസ് ഉൾപ്പെടെ വലിയ വാഹനങ്ങളിലുള്‍പ്പെടെ ഇവിടെ എത്തിച്ചേരുന്ന വിനോദസഞ്ചാരികള്‍ക്ക് പാര്‍ക്കിങ്ങിന് സ്ഥലമില്ലാത്തതിനാല്‍ ഗതാഗതകുരുക്കും വലിയ പ്രയാസവും നേരിടുന്നു. അതിരപ്പിള്ളി വില്ലേജില്‍ കലക്ടര്‍ ചെയര്‍മാനായ എക്സ്-സര്‍വിസ് മെന്‍സ് കോളനി സൊസൈറ്റിയുടെ കൈവശം 235 ഏക്കര്‍ ഭൂമിക്ക് ലഭ്യമാണ്. ഈ ഭൂമി വിനോദസഞ്ചാര വികസനത്തിനും അടിസ്ഥാന സൗകര്യവികസനത്തിനും പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ അധികാരികൾ ആ വഴിക്ക് ചിന്തിക്കുന്നില്ല.
ചാലക്കുടി പുഴയുടെ തീരത്തായി 705 ഹെക്ടറില്‍ സ്ഥിതിചെയ്യുന്ന പ്ലാന്റേഷന് കോര്‍പറേഷന്റെ കാലടി ഓയില്‍ പാം എസ്റ്റേറ്റ് കാടു പിടിച്ച് കിടക്കുകയാണ്. തോട്ടത്തിലെ ചെറുകാടുകള്‍ യഥാസമയം വെട്ടാറില്ല. ആയതുമൂലം വന്യമൃഗ ശല്യവും രൂക്ഷമാണ്. തൊഴിലാളികളുടെ ലയങ്ങളുടെ അവസ്ഥയും പരിതാപകരമാണ്. ഈ എസ്റ്റേറ്റ് നിലവില്‍ നഷ്ടത്തിലാണ്. തൊഴിലാളികള്‍ക്ക് കൂലി പോലും നല്കാന് കഴിയുന്നില്ല. ചാലക്കുടി പുഴയുടെ തീരത്ത് ചെയ്യുന്ന ഈ എസ്റ്റേറ്റില്‍ സൈക്കിള്‍ ട്രാക്ക്, ട്രക്കിങ് പാത്ത്വേ തുടങ്ങിയ ടൂറിസം ആക്ടിവിറ്റികള്‍ ഉള്‍പ്പെടുത്തി അതിരപ്പിള്ളിയില്‍ എത്തുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാല്‍ അതുവഴി കോര്പറേഷന് വരുമാനവും കൂടാതെ സ്ഥലത്തിന്റെ ശരിയായ വിനിയോഗം ഉറപ്പാക്കാന്‍ കഴിയുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
പരിസ്ഥിതിക്ക് ദോഷമുണ്ടാക്കാത്ത രീതിയില്‍ ഇവിടെയെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിന് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള തെന്മല ഇക്കോ ടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ചില പദ്ധതികള്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. വനം വകുപ്പുമായി സഹകരിച്ച് ഈ പദ്ധതികള്‍ നടപ്പാക്കാന്‍ സാധിക്കും. വകുപ്പുകളെ ഏകോപിപ്പിച്ച് അതിരപ്പിള്ളി വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം നാളുകളായി ഉയരുന്നുണ്ട്. കഴിഞ്ഞദിവസം നിയമസഭയിൽ സനീഷ് കുമാർ ജോസഫ് എം.എൽ.എ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് കത്തുനൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.