മണ്ണുപരിശോധനയുടെ പേരിൽ റോഡിന് നടുവിൽ കുഴിയെടുക്കാൻ ശ്രമം
text_fieldsചാലക്കുടി: മുരിങ്ങൂർ സിഗ്നൽ ജങ്ഷനിൽ ദേശീയപാത അധികൃതരും കരാർ കമ്പനിക്കാരും മണ്ണുപരിശോധനയുടെ പേരിൽ റോഡിന് നടുവിൽ കുഴിയെടുക്കാനുള്ള ശ്രമം നാട്ടുകാർ വീണ്ടും തടഞ്ഞു. കുറച്ചുദിവസങ്ങളായി അടിപ്പാത നിർമാണത്തിന്റെ പ്രാരംഭ പ്രവൃത്തികൾ ആരംഭിക്കാനുള്ള അധികാരികളുടെ ശ്രമങ്ങൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്.
അടിപ്പാതയുടെ തൂൺ നിർമിക്കാൻ റോഡിൽ കുഴിയെടുക്കാനുള്ള ശ്രമം പ്രദേശവാസികളുടെ പ്രതിഷേധത്തെ അവഗണിച്ച് നടന്നുകൊണ്ടിരിക്കുകയാണ്. നിർമാണത്തിന് റോഡ് ഗതാഗതം തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നത്. ബദൽ ഗതാഗത മാർഗത്തിനായി സർവിസ് റോഡ് നിർമാണം പൂർത്തിയാക്കിയിട്ട് മതി അടിപ്പാത നിർമാണം ആരംഭിക്കാനെന്നാണ് പ്രദേശവാസികളുടെ ആവശ്യം. എന്നാൽ, പ്രദേശവാസികളുടെ ആവശ്യം അവഗണിച്ച് ഏതുവിധവും ഉടൻ റോഡ് കുത്തിപ്പൊളിക്കാനുള്ള തന്ത്രപരമായ നീക്കമാണ് അധികാരികളുടെ ഭാഗത്തുനിന്ന് നടക്കുന്നത്.
ബുധനാഴ്ച രാവിലെയാണ് ദേശീയപാത അധികൃതർ മുരിങ്ങൂർ സിഗ്നൽ ജങ്ഷനിൽ നടുറോഡിൽ കുഴിയുണ്ടാക്കാൻ ശ്രമിച്ചത്. അതിനുള്ള സന്നാഹങ്ങൾ കണ്ടപ്പോൾ നാട്ടുകാർ തടയുകയായിരുന്നു.
മേലൂർ പഞ്ചായത്ത് അധികൃതരും ഉടനെയെത്തി. എന്നാൽ, റോഡിൽ കുഴിയെടുക്കാൻ വന്നതല്ലെന്നും മണ്ണുപരിശോധന നടത്തുകയാണെന്നും അവർ വ്യക്തമാക്കി. ദേശീയപാതയുടെ നടുവിൽ റോഡ് പൊളിച്ച് മണ്ണ് പരിശോധന നടത്തിയാൽ റോഡ് ഗതാഗതം നടത്താൻ പറ്റാത്തവിധം നാശമാവുമെന്ന് ചൂണ്ടിക്കാട്ടി ജനപ്രതിനിധികൾ തടസ്സം ഉന്നയിച്ചു. ഇതോടെ തർക്കമായി.
മണ്ണ് പരിശോധന റോഡിൽ ടാറിങ് കുത്തിപ്പൊളിച്ച് പറ്റില്ലെന്നും വേണമെങ്കിൽ ഗതാഗതത്തിന് തടസ്സം വരാതെ മീഡിയനു നടുവിൽ ആകാമെന്ന് ജനപ്രതിനിധികൾ സമ്മതിച്ചു. ഇതിനെ തുടർന്ന് ബുധനാഴ്ച വൈകീട്ട് മീഡിയൻ കുത്തിപ്പൊളിച്ച് മണ്ണ് പരിശോധനയുടെ നടപടികൾ ആരംഭിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.