പേടിസ്വപ്നമായി മേലൂരിലെ നായ് വളർത്തു കേന്ദ്രം; പഞ്ചായത്തിനെ വെല്ലുവിളിച്ച് നടത്തിപ്പുകാർ
text_fieldsചാലക്കുടി: മേലൂരിൽ പ്രദേശവാസികളിൽ ഭീതി പരത്തുന്ന നായ് വളർത്തു കേന്ദ്രം മാറ്റണമെന്ന ആവശ്യം നടത്തിപ്പുകാർ നിരാകരിച്ചു. മൂഴിക്കക്കടവ് ഭാഗത്ത് നൂറിലധികം നായ്ക്കളെ വളർത്തുന്ന കേന്ദ്രം ഒരു മാസത്തിനുള്ളിൽ മാറ്റാൻ മേലൂർ പഞ്ചായത്ത് നോട്ടീസ് നൽകിയിരുന്നു.
ഒരു മാസം കഴിഞ്ഞിട്ടും ഒഴിവാക്കാതെ ഇവർ പഞ്ചായത്ത് അധികൃതരെ വെല്ലുവിളിക്കുകയാണ്. ഇതോടെ പഞ്ചായത്ത് അധികൃതർ മേൽനടപടിക്ക് ഒരുങ്ങുകയാണ്. കൊച്ചിയിലെ സന്നദ്ധ സംഘടനയാണ് മേലൂരിൽ നായ്ക്കളെ വളർത്തുന്നത്.
മേലൂർ പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് ഈ സ്ഥാപനം ഇതുവരെ പ്രവർത്തിച്ചുവരുന്നത്. പലയിടത്തുനിന്നും പിടിച്ചുകൊണ്ടുവരുന്ന നായ്ക്കളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. ഇവയെ പരിപാലിക്കാൻ മൂന്ന് അന്തർ സംസ്ഥാന തൊഴിലാളികളുമുണ്ട്. രാത്രിയാവുമ്പോൾ നായ്ക്കളുടെ കൂട്ടത്തോടെയുള്ള ഓരിയിടലും കുരയും മൂലം പരിസരവാസികൾക്ക് ഉറങ്ങാൻ കഴിയാത്ത അവസ്ഥയാണ്.
ഇവയുടെ വിസർജ്യങ്ങൾ മൂലം പരിസരത്ത് കടുത്ത ദുർഗന്ധമാണ്. മഴയത്ത് ഇവ ഒലിച്ചുവന്ന് സമീപവാസികളുടെ കിണറ്റിലും മറ്റു ജല ഉറവിടങ്ങളിലും കലരുന്നതായും പരാതിയുണ്ട്. വളർത്തുകേന്ദ്രം മതിൽ കെട്ടി സംരക്ഷിക്കാതെ വലയും തകര ഷീറ്റുകളും വെച്ച് മറച്ചിരിക്കുകയാണ്.
ഇവക്കിടയിലൂടെ ആക്രമണ സ്വഭാവമുള്ള നായ്ക്കൾ ഏത് നിമിഷവും കടന്നെത്തി നാട്ടുകാരെ ആക്രമിക്കാമെന്ന ഭീതിജനകമായ സാഹചര്യവുമുണ്ട്. ഇതോടെയാണ് നാട്ടുകാർ പരാതിപ്പെട്ടത്. ഇതിന്റെ നടത്തിപ്പുകാർ എറണാകുളത്ത് സുഖമായി കഴിയുകയും പ്രദേശവാസികൾ ഇവയുടെ ശല്യം അനുഭവിക്കേണ്ടിവരുകയും ചെയ്യുന്നത് ശരിയല്ലെന്ന് നാട്ടുകാർ പറയുന്നു.
വനമേഖലയിലും മറ്റും നിർമിക്കേണ്ട സ്ഥാപനം ജനവാസ പ്രദേശത്ത് സ്ഥാപിച്ചത് ദ്രോഹമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തുടർന്നാണ് സ്ഥാപനത്തിന്റെ ഭാരവാഹികളോട് ഈ സ്ഥാപനം ഒരു മാസത്തിനുള്ളിൽ മാറ്റണമെന്ന് പഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടത്. എന്നാൽ, പഞ്ചായത്തിന്റെ ഉത്തരവിന് പുല്ലുവില പോലും കൊടുക്കാത്ത നിലപാടാണ് സന്നദ്ധ സംഘടന സ്വീകരിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.