ചാലക്കുടി നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നു
text_fieldsചാലക്കുടി: ജല അതോറിറ്റിയിൽ കരാറുകാരുടെ സമരം ഒരു മാസം പിന്നിട്ടപ്പോൾ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി നടക്കാത്തതിനാൽ ചാലക്കുടി നഗരസഭയിലെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നതായി പരാതി. അതേസമയം പ്രശ്നം പരിഹരിക്കാൻ നഗരസഭ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം നടത്തുന്നുണ്ട്.
ജല അതോറിറ്റിയിൽ അറ്റകുറ്റപണി നടത്തിയ കരാറുകാർക്ക് 18 മാസമായി പണം നൽകാത്തതിനാൽ സംസ്ഥാന തലത്തിൽ കരാറുകാർ നടത്തിവരുന്ന സമരം ഒന്നര മാസമാവുകയാണ്. ഇതിനെ തുടർന്ന് നഗരസഭ അതിർത്തിയിലെ ജല അതോറിറ്റിയുടെ അറ്റകുറ്റപണികൾ നാളുകളായി നടത്താൻ കഴിയുന്നില്ല.
നിരവധി സ്ഥലങ്ങളിൽ പൈപ്പ് ലൈനിലുണ്ടാകുന്ന ചോർച്ച തീർക്കാൻ കഴിയാത്തതിനാൽ, ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുന്നത് പതിവാകുകയാണ്. ഹൈലെവൽ കുടിവെള്ള പദ്ധതി പ്രദേശങ്ങളിലെ ഉയർന്ന സ്ഥലങ്ങളായ വി.ആർ. പുരം, ഉറുമ്പൻകുന്ന് മേഖലകളിൽ, മഴക്കാലമായിട്ടും ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങുന്നത് ജനങ്ങൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പ്രധാന പൈപ്പ്ലൈൻ പൊട്ടിയതിനെ തുടർന്ന് രണ്ട് ദിവസമായി പൂർണമായും കുടിവെള്ള വിതരണം തടസ്സപ്പെട്ടു. ഉദ്യോഗസ്ഥർ തന്നെ മുൻകൈയെടുത്ത് തൊഴിലാളികളെ ഉപയോഗിച്ചാണ് അറ്റകുറ്റപണികൾ നടത്തുന്നത്. കരാറുകാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാരും ജല അതോറിറ്റി അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് നഗരസഭ യു.ഡി.എഫ് പാർലമെന്ററി പാർട്ടി ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.