കൊമ്പൻപാറ തടയണ പരിസരം ലഹരി മാഫിയയുടെ വിഹാരകേന്ദ്രം
text_fieldsചാലക്കുടി: മേലൂർ പഞ്ചായത്തിലെ പൂലാനി കൊമ്പൻപാറ തടയണ പരിസരം ലഹരി മാഫിയയുടെ വിഹാരകേന്ദ്രമായി മാറുന്നു. ഇവിടെ നിരവധി മദ്യക്കുപ്പികളാണ് ദിവസവും ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തുന്നത്. മദ്യപാനത്തിനുശേഷം കുപ്പികൾ പുഴയിൽ ഉപേക്ഷിക്കുന്നുമുണ്ട്. കടവിൽ കുളിക്കാനിറങ്ങുന്നവരുടെ ശരീരത്തിൽ കുപ്പിച്ചില്ല് കൊണ്ട് പരിക്കേറ്റ സംഭവങ്ങളും വിരളമല്ല.
തടയണയുടെ കുളിക്കടവിലാണ് പൂലാനി സുബ്രഹ്മണ്യസ്വാമി ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച ആറാട്ട് നടക്കുന്നത്. അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കടവ് വൃത്തിയാക്കിയപ്പോൾ ചാക്കുകണക്കിന് ബിയർ കുപ്പികളും മദ്യക്കുപ്പികളുമാണ് ലഭിച്ചത്. പൊട്ടിയ മദ്യക്കുപ്പികളുടെ ചില്ലുകൾ ബക്കറ്റുകളിൽ വാരിക്കൂട്ടുകയായിരുന്നു.
തടയണ പ്രദേശം വിജനമായതിനാൽ വിദ്യാർഥികൾ അടക്കം നിരവധി പേർ ഈ പ്രദേശത്ത് മദ്യവും ലഹരിവസ്തുക്കളും ഉപയോഗിക്കാൻ വരുന്നുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പൊലീസിന്റെയും എക്ൈസസിന്റെയും പ്രത്യേക നിരീക്ഷണം വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.