പരിഹാരമില്ലാതെ ചാലക്കുടി നഗരത്തിലെ വൈദ്യുതി പ്രശ്നം
text_fieldsചാലക്കുടി: നഗരത്തിലെ വൈദ്യുതി തടസ്സം പരിഹാരമില്ലാതെ നീളുന്നു. ചാലക്കുടി കെ.എസ്.ഇ.ബി പവർ സ്റ്റേഷനിലെ സംവിധാനങ്ങളുടെ പ്രശ്നമാണ് ഇതിന് കാരണം. കെ.എസ്.ഇ.ബി ജീവനക്കാർ എത്ര ശ്രമിച്ചിട്ടും പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ കഴിയുന്നില്ല. ചാലക്കുടി സൗത്ത്, ആനമല ജങ്ങ്ഷൻ, പോട്ട തുടങ്ങിയ ഭാഗങ്ങളിലാണ് ഉപഭോക്താക്കൾ ബുദ്ധിമുട്ടിലായത്. ആവശ്യത്തിന് വോൾട്ടേജില്ലാത്തതും വൈദ്യുതി മുടങ്ങുന്നതും നിത്യസംഭവമായി മാറിയിട്ടുണ്ടെന്ന് ഇവർ പരാതിപ്പെടുന്നു.
ദിവസവും രാവിലെ മുതൽ തുടർച്ചയായോ ഇടവിട്ടോ വൈദ്യുതി പോകുന്നു. പോയാൽ പിന്നെ വൈകിട്ട് വന്നാൽ വന്നു. ഈ അവസ്ഥ നാളുകളായി തുടരുന്നതാണ്. വിരലെണ്ണാവുന്ന വൻകിട വ്യാപാരികൾക്ക് ജനറേറ്ററും മറ്റ് സംവിധാനങ്ങളും ഉപയോഗിച്ച് ഈ പ്രതിസന്ധി മറികടക്കാൻ കഴിയുന്നുണ്ട്. എന്നാൽ ടൗണിലെ ചെറുകിട വ്യാപാരികളാണ് ഇതുമൂലം ഏറ്റവും ദുരിതം അനുഭവിക്കുന്നത്. ശബ്ദവും പുകയും അടക്കമുള്ള അന്തരീക്ഷ മലിനീകരണം മൂലം ചെറിയ ജനറേറ്ററുകൾ കൂടുതൽ സമയം പ്രവർത്തിക്കാൻ സാധിക്കില്ല. കമ്പ്യൂട്ടർ അടക്കമുള്ള ചെറുകിട വൈദ്യുത യന്ത്ര സംവിധാനങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്നവർക്ക് പണി ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണ്. പല ഷോറൂമുകളിലും ഇരുട്ടും ഉഷ്ണവുമാണ്. അവിടേക്ക് ഉപഭോക്താക്കൾ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്.
വൈദ്യുതി പ്രശ്നം മൂലം പണിയെടുക്കാനോ സമയത്തിന് ജോലികൾ പൂർത്തിയാക്കാനോ ആവുന്നില്ല. ഇതോടെ പലരുടെയും വരുമാനം കുത്തനെ ഇടിഞ്ഞ അവസ്ഥയിലാണ്. ചാലക്കുടി കെ.എസ്.ഇ.ബി അധികൃതരോട് പരാതി പറഞ്ഞാലും ഒന്നും ചെയ്യാനാകാതെ കൈ മലർത്തുകയാണ്. എന്തായാലും ഇതിന് പരിഹാരം കാണാൻ അടുത്ത ആഴ്ച സാങ്കേതിക വിദഗ്ധർ ചാലക്കുടി പവർ സ്റ്റേഷനിൽ പരിശോധന നടത്തുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.