വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കൽ: ചാലക്കുടി നഗരസഭക്ക് തിരിച്ചടി
text_fieldsചാലക്കുടി: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാനെത്തിയ ചാലക്കുടി നഗരസഭ ചെയർമാനും സെക്രട്ടറിയും നാണം കെട്ടു. വാഹനത്തിൽ കയറ്റി നഗരസഭ ഓഫിസിലേക്ക് കൊണ്ടുപോയ സാധനങ്ങൾ കച്ചവടക്കാരുടെ രൂക്ഷമായ പ്രതിഷേധത്തെ തുടർന്ന് തിരിച്ചിറക്കി കൊടുക്കേണ്ടി വന്നു.
തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥയുണ്ടായി. പിന്നീട് നഗരസഭ ജീവനക്കാർ തെരുവുകച്ചവടക്കാർക്കെതിരെ പ്രതിഷേധിക്കുകയും നഗരസഭക്കെതിരെ തെരുവുകച്ചവടക്കാർ പ്രകടനം നടത്തുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ടൗൺ ഹാൾ പരിസരം സൗന്ദര്യവത്കരിക്കുന്നതിന് മുന്നോടിയായി നഗരസഭ ചെയർമാന്റെ നിർദേശപ്രകാരം ജീവനക്കാരെത്തി തെരുവുകച്ചവടക്കാരെ ഒഴിപ്പിക്കാൻ ശ്രമിച്ചത്.
മെയിൻ റോഡിൽ ടൗൺ ഹാൾ മൈതാനത്തിന് മുന്നിൽ കാലങ്ങളായി കച്ചവടം നടത്തി വരുന്ന മൺകല കച്ചവടക്കാരുടെ സാധനങ്ങൾ ഇവർ കയറ്റിക്കൊണ്ടുപോയി. വിൽപന നടത്തുന്ന വാഹനവും കൊണ്ടുപോയി. നഗരസഭയുടെ ലോറിയുമായെത്തിയാണ് ജീവനക്കാർ സാധനങ്ങൾ കൊണ്ടുപോയത്. എന്നാൽ, രണ്ടാമത്തെ ലോറിയിൽ മൺപാത്രങ്ങൾ കയറ്റിയതോടെ പ്രതിഷേധം ആരംഭിച്ചു.
വഴിയോര കച്ചവടക്കാരുടെ യൂനിയനുകാരും സി.ഐ.ടി.യു പ്രവർത്തകരും സംഘടിച്ച് ലോറിയുടെ മുന്നിൽ കുത്തിയിരിപ്പ് നടത്തി. കാര്യങ്ങൾ കൈവിട്ട് സംഘർഷാവസ്ഥയിലേക്ക് നീങ്ങിയപ്പോൾ ചാലക്കുടി പൊലീസെത്തി. തെരുവിൽ കച്ചവടം നടത്താൻ ലൈസൻസെടുത്തവരെ ഒഴിപ്പിക്കാൻ പറ്റില്ലെന്ന് പ്രതിഷേധക്കാർ അറിയിച്ചു. നോട്ടീസോ മുന്നറിയിപ്പോ ഇല്ലാതെയാണ് ഒഴിപ്പിക്കൽ നടപടിയുമായി ഇറങ്ങിത്തിരിച്ചത്.
ലൈസൻസുള്ള കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി ശരിയല്ലെന്ന് അവർ വാദിച്ചു. പകരം സ്ഥലം അനുവദിച്ചുനൽകി മാത്രമേ വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ നിയമമുള്ളൂ. ചെയർമാൻ എബി ജോർജിന്റെ നഗരം സൗന്ദര്യവത്കരിക്കാനുള്ള നടപടിയാണ് ഇതിന് പിന്നിൽ. ടൗൺ ഹാൾ കെട്ടിടത്തിന്റെ മുൻവശത്തെ പാർക്കിങ്ങും തെരുവുകച്ചവടങ്ങളും ഒഴിപ്പിക്കുമെന്ന നിലപാടിലായിരുന്നു ചെയർമാൻ.
എന്നാൽ, സാധനങ്ങൾ തിരിച്ചിറക്കാതെയും കൊണ്ടുപോയ സാധനങ്ങൾ കൊണ്ടുവന്ന് തിരിച്ചിറക്കാതെയും ലോറിക്ക് മുന്നിൽനിന്ന് പിന്മാറില്ലെന്ന് കച്ചവടക്കാരും അവരെ പിന്തുണക്കുന്നവരും ശഠിച്ചതോടെ നഗരസഭ തോൽവി സമ്മതിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.