ബില്ല് മാറി ലഭിക്കുന്നില്ല; ചാലക്കുടിയിൽ കുടിവെള്ള കണക്ഷൻ നൽകാതെ കരാറുകാരുടെ നിസ്സഹകരണം
text_fieldsചാലക്കുടി: പാവപ്പെട്ടവർക്ക് കുടിവെള്ള കണക്ഷൻ നൽകാതെയും വെട്ടിപ്പൊളിച്ച റോഡുകൾ അപകടാവസ്ഥയിൽ ഉപേക്ഷിച്ചും ചാലക്കുടി മേഖലയിൽ വാട്ടർ അതോറിറ്റി കരാറുകാരുടെ നിസ്സഹകരണം തുടരുന്നു. ചാലക്കുടി ട്രാംവെ ലൈനിൽ അടക്കം പലയിടത്തും റോഡ് കുത്തിപ്പൊളിച്ചിട്ടതായി പരാതിയുണ്ട്. കുടിവെള്ള കണക്ഷൻ അനുവദിച്ചിട്ടും മെറ്റീരിയൽ തീർന്നെന്ന കാരണം പറഞ്ഞ് കൺക്ഷൻ നൽകുന്നില്ല.
പരാതിയെ തുടർന്ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരുന്നു. ഒരു വർഷം മുമ്പ് നിർമാണം പൂർത്തിയായ പ്രവൃത്തികൾക്ക് ചെലവായ തുക പോലും ബില്ല് മാറി ലഭിക്കാത്തതാണ് നിലവിൽ പുതിയ പൈപ്പിടലും റോഡ് പൂർവസ്ഥിതിയിലാക്കുന്നതും ഉൾപ്പടെയുള്ള പ്രവൃത്തികൾ മന്ദഗതിയിലാക്കാൻ കാരണമെന്ന് കരാറുകാർ യോഗത്തിൽ ചൂണ്ടിക്കാട്ടി.
ജൽജീവൻമിഷൻ പദ്ധതി നിർവഹണത്തിന് ആവശ്യമായ തുക കൈമാറി പദ്ധതിയുടെ സുഗമമായ നടത്തിപ്പ് ഉറപ്പുവരുത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുമെന്ന് യോഗത്തിൽ സനീഷ്കുമാർ ജോസഫ് എം.എൽ.എ അറിയിച്ചു.
റോഡ് പൂർവസ്ഥിതിയിലാക്കാൻ മുൻകൂർ കെട്ടിവെക്കേണ്ടതായ കോടികണക്കിന് രൂപ സർക്കാരിൽനിന്ന് ലഭ്യമാകാത്തതിനാൽ മണ്ഡലത്തിൽ കെ.ആർ.എഫ്.ബിയുടെ കൈവശമുള്ള പല റോഡുകളിലും പൈപ്പിടാൻ സാധിക്കുന്നില്ലെന്നും ബിൽ തുക വിതരണം യഥാസമയം നടപ്പിലാവാത്തതിനാൽ ടെണ്ടർ ചെയ്ത പല പ്രവൃത്തികളും ഏറ്റെടുക്കാൻ പോലും ആരും തയ്യാറാകാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും എം.എൽ.എ പറഞ്ഞു. അതേസമയം, ആദിവാസി ഊരുകളിൽ പദ്ധതി നിർവഹണം എത്രയും വേഗം പൂർത്തീകരിച്ച് ജലവിതരണം ആരംഭിക്കണമെന്ന് എം.എൽ.എ നിർദേശം നൽകി. പൈപ്പിടൽ തുടരുമെന്നും മൺസൂൺ കാലം കഴിയുന്നതോടെ പൈപ്പിടുന്നതിനായി പൊളിച്ച റോഡുകൾ പൂർവസ്ഥിതിയിലാക്കുന്ന പ്രവൃത്തികൾ പുനരാരംഭിക്കുമെന്നും കരാറുകാർ ഉറപ്പ് നൽകി.
പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.പി. ജെയിംസ്, മായ ശിവദാസ്, അമ്പിളി സോമൻ, ജല അതോറിറ്റി സൂപ്രണ്ടിങ് എൻജിനീയർ പി.എ. സുമ, എക്സിക്യൂട്ടിവ് എൻജിനീയർ ബോബൻ മാത്യു, അസി. എക്സിക്യൂട്ടിവ് എൻജിനീയർ കെ.ടി. വാസുദേവൻ, പഞ്ചായത്തംഗങ്ങളായ കെ.എം. ജയചന്ദ്രൻ, സതി ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.