അംഗൻവാടി നിയമനത്തിൽ ‘കുടുംബ താൽപര്യ’മെന്ന്; കോടശ്ശേരി പഞ്ചായത്തിൽ പ്രതിഷേധം
text_fieldsചാലക്കുടി: കോടശേരിയിൽ അംഗൻവാടി നിയമനത്തിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി ആരോപണം.
പഞ്ചായത്തിലെ അംഗൻവാടി വർക്കർ, ഹെൽപ്പർ ലിസ്റ്റിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മക്കളെ തിരുകി കയറ്റിയെന്നാരോപിച്ച് ഇടതു അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപ്പോയി.
തുടർന്ന് പഞ്ചായത്ത് ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഈ വിഷയം ചർച്ച ചെയ്യണമെന്ന് തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടപ്പോൾ പ്രസിഡന്റ് മൗനം പാലിക്കുകയും നടപടിയെ ന്യായീകരിക്കുകയും ചെയ്യുകയായിരുന്നുവെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
അംഗൻവാടി ഹെൽപ്പർ, വർക്കർ ലിസ്റ്റ് തയാറാക്കുന്നതിൽ വൻ ക്രമക്കേടാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്റർവ്യൂവിന് ശേഷം വന്ന ലിസ്റ്റിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മരുമക്കളിൽ ഒരാളെ രണ്ടാം സ്ഥാനക്കാരിയായും ഒരാളെ പതിമൂന്നാം സ്ഥാനക്കാരിയായും ഉൾപ്പെടുത്തിയെന്നാണ് ആരോപണം. മൂന്നാമത് ഒരാളെ ഹരിത കർമ സേനാംഗമായി തെരഞ്ഞെടുത്തതായും ആരോപിക്കുന്നു.
ധർണ സി.പി.എം ഏരിയ സെക്രട്ടറി കെ.എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. പാർലമെന്ററി പാർട്ടി ലീഡർ ഇ.എ. ജയതിലകൻ അധ്യക്ഷത വഹിച്ചു. സി.പി.എം നേതാവ് സി.കെ.ശശി, വാർഡ് അംഗങ്ങളായ ടി.ആർ. ബാബു, ഉഷ ശശിധരൻ, ശകുന്തള വത്സൻ, പി.സി. നിഖിൽ, സജിത ഷാജു, ദീപ പോളി, വി.ജെ വില്യംസ്, സി.പി.എം കുറ്റിച്ചിറ ലോക്കൽ സെക്രട്ടറി ടോമി കളമ്പാടൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.