നീന്താനിറങ്ങിയ പിതാവും മകനും അപകടത്തിൽപ്പെട്ടു; വർഗീസിന് ഇത് രണ്ടാം ജന്മം
text_fieldsചാലക്കുടി: പിതാവും മകനും തടയണയിൽ അപകടത്തിൽപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട മകനെ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. പരിയാരം കൊമ്പൻപാറ തടയണയിൽ വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് സംഭവം. തടയണയിൽ കുളിക്കാനിറങ്ങിയ പരിയാരം സ്വദേശി കാവുങ്ങൽ ജോഷി (55), മകൻ വർഗീസ് (20) എന്നിവരാണ് പുഴയിൽ അപകടത്തിൽപ്പെട്ടത്.
ഇരുവരും ഒരുമിച്ച് തടയണയിൽ നീന്താനിറങ്ങിയതായിരുന്നു. ശക്തമായ ഒഴുക്കിൽ ഇരുവരും തടയണയുടെ വെള്ളം ഒഴുകിപ്പോകുന്ന ഷട്ടറിനുള്ളിൽ അകപ്പെടുകയായിരുന്നു.
ജോഷിയെ നാട്ടുകാർ ഓടിക്കൂടി അപ്പുറത്തൂടെ വലിച്ചെടുത്ത് രക്ഷപ്പെടുത്തി. എന്നാൽ, വണ്ണം അൽപം കൂടുതലുള്ള വർഗീസ് അതിനുള്ളിൽനിന്ന് പുറത്തുവരാൻ കഴിയാത്ത വിധം കുടുങ്ങുകയായിരുന്നു. നാട്ടുകാർ എത്ര ശ്രമിച്ചിട്ടും ഇയാളെ പുറത്തെത്തിക്കാൻ ആയില്ല. തല പകുതിയോളം വെള്ളത്തിൽ താഴ്ന്നു.
അര മണിക്കൂറോളം വെള്ളത്തിൽ മരണത്തെ മുഖാമുഖം കണ്ടു. ഇതിനിടയിൽ മഴ പെയ്ത് ജലനിരപ്പ് ഉയർന്നതോടെ മുങ്ങി മരിക്കുമെന്ന അവസ്ഥയിലായി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാർ തക്ക സമയത്ത് എത്തിയാണ് വർഗീസിനെ മരണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.
ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ഓഫിസർ കെ. ഹർഷ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ഗ്രേഡ് എ.എസ്.ടി.ഒ ബിജു ആന്റണി, ഡ്രൈവർ അജയൻ, രതീഷ്, രജീഷ്, സാജൻരാജ്, മനു, അശോകൻ എന്നിവരും രക്ഷപ്രവർത്തനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.