ഇടവേളക്കു ശേഷം അതിരപ്പിള്ളിയിൽ സിനിമ ചിത്രീകരണം
text_fieldsഅതിരപ്പിള്ളി: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം അതിരപ്പിള്ളിയിൽ ചലച്ചിത്ര ചിത്രീകരണങ്ങൾ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളെ തുടർന്നാണ് സിനിമ ചിത്രീകരണങ്ങൾ അതിരപ്പിള്ളിയിൽ നിർത്തിയത്.
ഇപ്പോൾ വിവിധ ഭാഷകളിലിറങ്ങിയ അല്ലു അർജുന്റെ 'പുഷ്പ' സിനിമയുടെ ചിത്രീകരണം അതിരപ്പിള്ളിയിൽ രണ്ടു വർഷം മുമ്പ് കോവിഡ് നിയന്ത്രണത്തെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. അതിനുശേഷം സിനിമ ചിത്രീകരണങ്ങൾക്ക് താൽക്കാലിക വിരാമമാവുകയായിരുന്നു. വിജയ് സേതുപതി, നയൻതാര, തമന്ന തുടങ്ങിയവർ അഭിനയിക്കുന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് ഇപ്പോൾ ആരംഭിച്ചത്. തെന്നിന്ത്യൻ സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷനാണ് അതിരപ്പിള്ളി, വാഴച്ചാൽ വെള്ളച്ചാട്ടങ്ങളും പരിസരപ്രദേശങ്ങളും. സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചാലേ അതിരപ്പിള്ളിയിലെ വിനോദസഞ്ചാര മേഖലക്ക് ഉണർവുണ്ടാവൂ. സന്ദർശകരില്ലാതെ അതിരപ്പിള്ളിയിലെ റിസോർട്ടുകളും ഹോട്ടലുകളും മൂകതയിലായിരുന്നു. സിനിമ ചിത്രീകരണം ആരംഭിച്ചതോടെ മേഖല സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും മറ്റും. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് അതിരപ്പിള്ളിയിൽ സന്ദർശകരെത്തുന്നത്.
കഴിഞ്ഞ കുറച്ചു നാളായി പെരിങ്ങലിൽനിന്നെത്തുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞതോടെ വെള്ളച്ചാട്ടം വളരെ മെലിയുകയും പുഴയിൽ പാറക്കെട്ടുകൾ തെളിഞ്ഞതും വിനോദസഞ്ചാര മേഖലക്ക് തിരിച്ചടിയുണ്ടാക്കിയിരുന്നു. കാട്ടാന ആക്രമണത്തെ തുടർന്ന് വന്യമൃഗ ഭീതിയും സഞ്ചാരികളുടെ വരവിന് ചെറിയ തടസ്സം സൃഷ്ടിച്ചിരുന്നു. കാടുകൾ ഇലകൊഴിയൽ സീസണിലാണ്. എന്നാൽ, ഇലകൊഴിയലിനും അതിന്റേതായ സൗന്ദര്യം കാണുന്നവരുണ്ട്. ഒരാഴ്ചയായി പുഴയിലെ വെള്ളത്തിന്റെ സ്ഥിതി മെച്ചപ്പെടുകയും വെള്ളച്ചാട്ടം സൗന്ദര്യമാർജിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.