ഒടുവിൽ കണ്ടെത്തി; പോസ്റ്ററുകൾ കീറുന്ന 'വില്ലനെ'
text_fieldsചാലക്കുടി: മേലൂരിൽ ചുവരിൽ പതിക്കുന്ന പോസ്റ്ററുകൾ കീറുന്ന 'വില്ലനെ' കണ്ടെത്തി. ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിലാണ് ആഫ്രിക്കൻ ഒച്ചുകളാണ് പോസ്റ്റർ വിരോധിയെന്ന് തിരിച്ചറിഞ്ഞത്.
പോസ്റ്റർ കീറുന്നതും കൊടിമരങ്ങൾ നശിപ്പിക്കുന്നതും അടക്കമുള്ള പ്രശ്നങ്ങളുടെ പേരിൽ രാഷ്ട്രീയ അസ്വസ്ഥത നിലനിൽക്കുന്ന പ്രദേശമാണ് പൂലാനി. ഇവിടെ കുറച്ചുനാളായി രാഷ്ട്രീയ പാർട്ടികളുടെ പോസ്റ്ററുകൾ കീറുന്നത് ആരോപണങ്ങൾക്ക് ഇടയാക്കിയിരുന്നു. രാത്രി ഒട്ടിച്ച് രാവിലെ നോക്കുമ്പോൾ പല ഭാഗങ്ങളും കീറിയ നിലയിലായിരിക്കും.
പരസ്പരം സംശയിച്ചതല്ലാതെ തെളിവില്ലാത്തതിനാൽ ആർക്കും ഒന്നും പറയാൻ ഉണ്ടായിരുന്നില്ല. കഴിഞ്ഞ ദിവസം പ്രഭാത നടത്തത്തിന് ഇറങ്ങിയയാളാണ് പോസ്റ്ററിന്‍റെ ശത്രുവിനെ കണ്ടത്. പോസ്റ്റർ പതിക്കാൻ ഉപയോഗിക്കുന്ന മൈദ മാവാണ് ഒച്ചുകളെ ആകർഷിക്കുന്നത്. യഥാർഥ 'പ്രതിയെ' തിരിച്ചറിഞ്ഞതിന്‍റെ ആശ്വാസം ഇന്നാട്ടുകാർക്ക് കുറച്ചൊന്നുമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.