ഫാൻസി ഡ്രസ് ഷോറൂമിൽ തീപിടിത്തം; 10 ലക്ഷത്തിന്റെ നഷ്ടം
text_fieldsചാലക്കുടി: ചാലക്കുടിയിൽ ഫാൻസി ഡ്രസ് ഷോറൂം കത്തി 10 ലക്ഷം രൂപയുടെ നഷ്ടം. ചാലക്കുടി നഗരസഭ ബസ് സ്റ്റാൻഡ് കെട്ടിടത്തിലെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന റോസ് കളക്ഷൻസ് എന്ന കടയിലാണ് തീപിടിത്തമുണ്ടായത്. ഞായറാഴ്ച പുലർച്ചയാണ് സംഭവം. ഈ സമയത്ത് ദേശീയപാത മേൽപാലത്തിന് മുകളിലൂടെ സഞ്ചരിക്കുകയായിരുന്ന ബൈക്ക് യാത്രക്കാരനാണ് തീപിടിത്തം ആദ്യം കണ്ടത്. ഇദ്ദേഹം താഴെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപെടുത്തി.
ഇവർ വിളിച്ചറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷസേനയും പൊലീസും സ്ഥലത്തെത്തി. മുറിയുടെ ചുറ്റും കനത്ത പുകപടലം വ്യാപിച്ചിരുന്നു. രണ്ട് മുറികളിലായി ശേഖരിച്ചിരുന്ന വസ്ത്രങ്ങൾക്കാണ് തീപിടിച്ചത്. കലോത്സവങ്ങൾക്കും മറ്റും വാടകക്ക് കൊടുക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും മറ്റുമാണ് അതിൽ സൂക്ഷിച്ചിരുന്നത്. സീസൺ ആയതിനാൽ കൂടുതലായി പട്ടുവസ്ത്രങ്ങൾ ശേഖരിച്ചിരുന്നു. ജനാലകളുടെ ചില്ലുകൾ പൊളിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. ഇതോടെ അടുത്ത മുറികളിലേക്ക് തീ പടരുന്നത് തടയാനായി. എന്നാൽ കടയിലെ ഫർണിച്ചറുകളും വസ്ത്രങ്ങളും ഉപയോഗശൂന്യമായി. മേലൂർ സ്വദേശിയായ വനിതയാണ് സ്ഥാപന ഉടമ. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.