പ്രളയ ഭീഷണി; ഉയരണം കാരത്തോട് ഡാം
text_fieldsചാലക്കുടി: വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് ചാലക്കുടിപ്പുഴയോരത്തെ ജനങ്ങളെ സംരക്ഷിക്കാൻ പെരിങ്ങൽകുത്തിന് മുകളിൽ കാരത്തോട് ഡാം യാഥാർഥ്യമാക്കണമെന്ന് ആവശ്യം.
2018ലെ പ്രളയത്തിനുശേഷമാണ് കേന്ദ്ര സർക്കാർ പെരിങ്ങൽകുത്ത് ഡാമിന് മുകളിൽ 'കാരത്തോട് ഡാം' നിർമിക്കണമെന്ന നിർദേശം നൽകിയത്. 200 എം.സി.എം വെള്ളം ശേഖരിക്കാവുന്നതാണ് കാരത്തോട് ഡാം.
പറമ്പിക്കുളം, ഷോളയാർ ഡാമുകളിലെ വെള്ളം കാരത്തോട് പുതിയ ഡാമിൽ ശേഖരിച്ച് ചിറ്റൂർ പുഴയിലേക്ക് ഒഴുക്കിവിടുന്നതാണ് കേന്ദ്ര സർക്കാർ നിർദേശിക്കുന്ന പദ്ധതി. നിർദേശം നൽകി വർഷങ്ങൾ പിന്നിട്ടിട്ടും സംസ്ഥാന സർക്കാർ ഇതുവരെയും ഉചിത നടപടി സ്വീകരിച്ചിട്ടില്ല.
ചാലക്കുടിയിൽ 2018ലെ വെള്ളപ്പൊക്കം ഉണ്ടാക്കിയ നാശനഷ്ടങ്ങൾ വളരെ വലുതാണ്. തുടർന്നുവന്ന വർഷങ്ങളിൽ എല്ലാം വെള്ളപ്പൊക്ക ഭീഷണി ചാലക്കുടിയിലെ ജനങ്ങളെ അസ്വസ്ഥമാക്കിയിരുന്നു. ഇതുവരെയായിട്ടും ഇക്കാര്യത്തിൽ ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.
പെരിങ്ങൽകുത്ത് ഡാമിന് 2018ലുണ്ടായ നാശനഷ്ടങ്ങൾ ഇപ്പോഴും പൂർണമായും പരിഹരിച്ചിട്ടില്ല. ചെറിയ സംഭരണശേഷിയുള്ള പെരിങ്ങൽകുത്ത് ഡാം വർഷക്കാലത്ത് ചാലക്കുടിയുടെ പ്രളയഭീതിക്ക് ആക്കം കൂട്ടുന്നു.
പ്രളയ ഭീഷണിക്ക് ശാശ്വത പരിഹാരമായ പുതിയ ഡാം നിർദേശം എത്രയും പെട്ടെന്ന് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ക്രാക്ക്റ്റ് മെംബർമാരുടെ നിവേദനം മുഖ്യമന്ത്രിക്ക് നൽകി. വാർഷിക യോഗത്തിൽ പോൾ പാറയിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.ഡി. ദിനേശ്, കെ.വി. ജയരാമൻ, കെ.ഡി. ജോഷി, ജോർജ് ടി. മാത്യു, കെ.സി. രാമചന്ദ്രൻ, ബീന ഡേവിസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.