വിദേശമദ്യ നിർമാണ കമ്പനി ചാലക്കുടിപുഴയിലേക്ക് മലിനജലം ഒഴുക്കുന്നു
text_fieldsചാലക്കുടി: മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന വിദേശമദ്യ നിർമാണ കമ്പനി ചാലക്കുടിപ്പുഴയിലേക്ക് മാലിന്യം ഒഴുക്കുന്ന പൈപ്പ് കണ്ടെത്തി. മുൻ പഞ്ചായത്തംഗം രാജേഷ് മേനോത്തിന്റെയും പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറായ റീനയുടെയും പരിശോധനയിലാണ് കണ്ടെത്തൽ. കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിൽ രണ്ടടിയോളം താഴ്ചയിൽ പുഴയിലേക്ക് മലിനജലം ഒഴുക്കുന്ന പൈപ്പ് മണ്ണ് മാന്തി ഉപയോഗിച്ച് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് വിവരം ഉന്നത അധികാരികൾക്ക് റിപ്പോർട്ട് ചെയ്തു.
പതിറ്റാണ്ടുകളായി മുരിങ്ങൂരിൽ പ്രവർത്തിക്കുന്ന മദ്യനിർമാണ കമ്പനിക്കെതിരെ നാട്ടുകാർ നിരന്തരം പരാതി ഉയർത്തുന്നുണ്ട്. പരിസരത്തെ കിണറുകൾ പലതും മാലിന്യം നിറഞ്ഞ് ഉപയോഗശൂന്യമാണ്. മുമ്പ് നടന്ന പരിശോധനകളിൽ സംശയകരമായി ഒന്നും കണ്ടെത്താൻ കഴിയാറില്ലായിരുന്നു. എന്നാൽ, മുൻ പഞ്ചായത്തംഗം രാജേഷ് നാളുകളായി കമ്പനിക്കെതിരെ പരാതികൾ നൽകിയിരുന്നു. ഒടുവിൽ ഇത്തവണ മേലൂർ പഞ്ചായത്ത് സെക്രട്ടറി ആരോഗ്യ വിഭാഗം ഇൻസ്പെക്ടർ റീനയെ വിഷയം അന്വേഷിക്കാൻ നിയോഗിച്ചു.
ആർക്കും തിരിച്ചറിയാനാവാത്ത വിധം രഹസ്യമായാണ് കമ്പനി അധികൃതർ ചാലക്കുടിപ്പുഴയിലേക്ക് മാലിന്യം തള്ളിയിരുന്നത്. തങ്ങൾ മാലിന്യം പുഴയിലേക്ക് തള്ളുന്നില്ലെന്നാണ് കമ്പനി അവകാശപ്പെട്ടിരുന്നത്. കമ്പനിക്കുള്ളിൽ ഒരു കുഴിയിലേക്ക് അഴുക്കുവെള്ളം ഒഴുക്കിവിടുന്നത് കാണാമെങ്കിലും അത് അവിടെ തന്നെ കെട്ടി നിൽക്കുന്നുവെന്ന തോന്നലാണ് ഉണ്ടാവുക.
ഹെൽത്ത് ഇൻസ്പെക്ടർ റീനയുടെ നേതൃത്വത്തിൽ കമ്പനിയുടെ പരിസരത്ത് പലയിടത്തും മണ്ണ് മാന്തി ഉപയോഗിച്ച് കുഴിച്ചുനോക്കി. ഒടുവിൽ പൈപ്പ് പൊതിഞ്ഞ കോൺക്രീറ്റ് ബീം കണ്ടെത്തുകയായിരുന്നു. തുടർന്ന് ചാലക്കുടിപ്പുഴയോരത്ത് മണ്ണ് മാന്തി ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് കമ്പനിയുടേതെന്ന് കരുതുന്ന പൈപ്പ് കണ്ടെത്തിയത്. തെളിവുകളുടെ അടിസ്ഥാനത്തിൽ കമ്പനിക്കെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. ജൽ ജീവൻ മിഷന്റെ പമ്പ് ഹൗസിന് സമീപമാണ് മാലിന്യം തള്ളുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.