വഴിയോരം കാടുമൂടുന്നു; കാണാതെ അധികാരികൾ
text_fieldsചാലക്കുടി: വഴിയോരങ്ങൾ അപകടാവസ്ഥയിൽ കാടു മൂടുമ്പോഴും പഞ്ചായത്തുകൾ നിസ്സംഗതയിൽ. കാഴ്ചതടസ്സം കാരണം പല വളവുകളിലും എതിർവശത്തുനിന്ന് വരുന്ന വാഹനം കാണാനാകാത്തത് ഡ്രൈവർമാരെ ആശങ്കപ്പെടുത്തുന്നു. കാൽനടക്കാരാകട്ടെ ഇഴജീവികളെയും മറ്റും ഭയന്ന് വാഹനങ്ങൾ വരുമ്പോൾ ഒതുങ്ങിനിൽക്കാൻപോലും മടിക്കുകയാണ്.
മേലൂർ പഞ്ചായത്തിലെ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിൽ പൂലാനി പൂത്തുരുത്തി പാലത്തിനു സമീപം റോഡിലെ രണ്ട് വലിയ വളവുകളിൽ അപകടകരമായ രീതിയിൽ കാടു വളർന്നുനിൽക്കുന്നുണ്ട്. ഇവിടെ റോഡിൽ അകലെനിന്നു വരുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത രീതിയിൽ കാടുകയറിയിരിക്കുകയാണ്. മുൻകാലങ്ങളിൽ തൊഴിലുറുപ്പ് തൊഴിലാളികളെകൊണ്ട് റോഡിന്റെ വശങ്ങളിലെ കാട് വെട്ടിമാറ്റാറുണ്ടായിരുന്നു. എന്നാൽ, ഇക്കുറി ഇതിന് നടപടിയുണ്ടായിട്ടില്ല.
ജില്ല പഞ്ചായത്തിന്റെ കീഴിലെ കുറ്റിച്ചിറ-ചായ്പൻകുഴി റോഡിൽ താണിക്കമറ്റം കയറ്റത്തിന് നെറുകയിലുള്ള വളവിൽ പൊന്തക്കാട് വളർന്ന് റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നതിനാൽ വാഹനങ്ങൾ വശം കൊടുക്കാനും യാത്രക്കാർക്ക് സ്റ്റോപ്പിൽ ഇറങ്ങാനും പ്രയാസപ്പെടുന്നതായി പരാതിയുണ്ട്. ഒരുവശത്ത് റോഡിന്റെ ശോച്യാവസ്ഥയും മറുവശത്ത് കാടും പടർപ്പും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടും നാട്ടുകാർക്ക് ഭീഷണിയാണ്. പരാതി പറഞ്ഞിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.