പോട്ട സുന്ദരികവല മുതൽ ആശ്രമം ജങ്ഷൻ വരെ: സർവിസ് റോഡ് വീതികൂട്ടും
text_fieldsചാലക്കുടി: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ഇനിയും നിർമാണം പൂർത്തിയാക്കാത്ത സർവിസ് റോഡുകളുടെ പ്രവൃത്തി ഉടൻ പൂർത്തിയാക്കാൻ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനം. ആദ്യഘട്ടത്തിൽ പോട്ട സുന്ദരികവല മുതൽ ആശ്രമം ജങ്ഷൻ വരെയുള്ള സർവിസ് റോഡ് വീതി കൂട്ടും. ഇതിന്റെ പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങും.
മതിലുകളും മറ്റും പൊളിച്ചുമാറ്റി താൽക്കാലിക ഗതാഗതസൗകര്യം ഒരുക്കും. വൈദ്യുതി തൂണുകൾ നഗരസഭയുടെ ഉത്തരവാദിത്തത്തിൽ മാറ്റിസ്ഥാപിക്കും. റോഡിന് തടസ്സമായി നിൽക്കുന്ന തേക്കുമരങ്ങൾ നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിച്ച് വെട്ടിമാറ്റും. ശരവണ ഹോട്ടൽ മുതൽ പനമ്പിള്ളി ജങ്ഷൻവരെയുള്ള ഭാഗത്തും ആശാരിപ്പാറ, പാപ്പാളി ജങ്ഷൻ എന്നിവിടങ്ങളിലും സർവിസ് റോഡ് ഒരുക്കും. ഈ പ്രവൃത്തികൾക്ക് ചെലവ് പ്രതീക്ഷിക്കുന്ന 10 കോടി രൂപ ദേശീയ പാത അതോറിറ്റി അനുവദിക്കാനും യോഗത്തിൽ ധാരണയായി.
ചാലക്കുടി മേഖലയിൽ സൗത്ത് ജങ്ഷനിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കും. ഇതിന് വെള്ളിയാഴ്ച എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കും. ഇവിടത്തെ അടിപ്പാതയുടെ അടിഭാഗം വൃത്തിയാക്കാനും ലൈറ്റുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ഈ പ്രവൃത്തികളുടെ മേൽനോട്ടവും നഗരസഭക്കായിരിക്കും. കലക്ടർ വി.ആർ. കൃഷ്ണ തേജ, നഗരസഭ ചെയർമാൻ എബി ജോർജ്, ഡിവൈ.എസ്.പി ഇ.എസ്. സിനോജ്, തഹസിൽദാർ ഇ.എൻ. രാജു, എൻ.എച്ച്.എ.ഐ പ്രോജക്ട് ഡയറക്ടർ ബിബിൻ മധു, കൗൺസിലർ വി.ജെ. ജോജി, സെക്രട്ടറി കെ.ബി. വിശ്വനാഥൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.