മാലിന്യം: 50,000 രൂപ വരെ പിഴ
text_fieldsചാലക്കുടി: പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ നഗരസഭ യോഗം തീരുമാനിച്ചു. ആദ്യഘട്ടത്തിൽ കുറഞ്ഞപിഴ 2,000 രൂപയും ആവർത്തിച്ചാൽ 50,000 രൂപവരെയും ചുമത്തും. ആവശ്യമെങ്കിൽ പ്രോസിക്യൂഷൻ നടപടിയും സ്വീകരിക്കും.
മാലിന്യം തള്ളൽ നിരീക്ഷിക്കാൻ 49 കാമറ സ്ഥാപിച്ചിട്ടുണ്ട്. ഇതിനകം മാലിന്യം തള്ളിയ 54 പേരെ കണ്ടെത്തുകയും 44 പേർക്കെതിരെ നടപടി സ്വീകരിക്കുകയും പിഴ അടപ്പിക്കുകയും നാലുപേർക്കെതിരെ പ്രോസിക്യൂഷൻ നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. 12 സ്ഥലങ്ങളിൽ കൂടി കാമറ സ്ഥാപിക്കും. കടകളുടെയും മറ്റ് വാണിജ്യ സ്ഥാപനങ്ങളുടേയും പരിസരം വൃത്തിയായി സൂക്ഷിക്കാതിരുന്നാലും നടപടിയും പിഴയും ഉണ്ടാകും.
നഗരസഭയുടെ സുവർണ ജൂബിലി സ്മാരകമായി നിർമിക്കുന്ന ഓഫിസ് അനക്സ് നിർമാണം തൃപ്തികരമാണെന്നും ഇതുസംബന്ധിച്ച ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്നും യോഗം വിലയിരുത്തി. വി.ആർ.പുരം കമ്യൂണിറ്റി ഹാളിന്റെ മുൻഭാഗത്തെ സ്ഥലം നഗരസഭ ഏറ്റെടുക്കാൻ റവന്യൂ വിഭാഗത്തിൽനിന്നും വാല്വേഷൻ ലഭിച്ച സാഹചര്യത്തിൽ തനത് ഫണ്ട് ഉപയോഗിച്ച് ഭൂമി ഏറ്റെടുക്കാനും പട്ടികജാതി ഓഫിസറുടെ ഫീസിബിലിറ്റി സർട്ടിഫിക്കറ്റ് ലഭിക്കാത്തത് സംബന്ധിച്ച് സംസ്ഥാന ആസൂത്രണ കോഓഡിനേഷൻ കമ്മിറ്റിക്ക് കത്ത് നൽകാനും കൗൺസിൽ തീരുമാനിച്ചു. 2023-‘24 വാർഷിക പദ്ധതി ഭേദഗതികൾക്ക് കൗൺസിൽ അംഗീകാരം നൽകി. ചെയർമാൻ എബി ജോർജ് അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.