ട്രാംവേ റോഡിൽ മാലിന്യം തള്ളിയാൽ ഇനി ‘വിവരമറിയും’
text_fieldsചാലക്കുടി: ട്രാംവേ റോഡിൽ മാലിന്യം തള്ളിയാൽ അക്കാര്യം തത്സമയം അധികൃതരറിയും. കുറ്റക്കാർക്ക് ഉടൻ ‘പണി കിട്ടും’. മാലിന്യം തള്ളൽ കേന്ദ്രമായി മാറിയ ട്രാംവേ റോഡിൽ നഗരസഭ സി.സി ടി.വി കാമറ സ്ഥാപിച്ചു. വാട്ടർ അതോറിറ്റി ക്വാർട്ടേഴ്സിന് സമീപമാണ് കാമറ സ്ഥാപിച്ചത്.
രാത്രിയിൽ വിജനമായ മേഖലയായതിനാൽ അറവ് മാലിന്യമടക്കം സാമൂഹിക വിരുദ്ധർ ഇവടെ തള്ളിയിരുന്നു. പൊറുതിമുട്ടിയ പ്രദേശവാസികൾ പരാതി നൽകിയതിനെ തുടർന്ന് ബോർഡ് സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെയാണ് നഗരസഭ കാമറ സ്ഥാപിച്ചത്. ഇതോടെ മാലിന്യം തള്ളുന്നതിന് അവസാനമാകുമെന്ന് അധികൃതർ പറഞ്ഞു.
ആൾ താമസമില്ലാത്തതും വിജനവുമായ ഇത്തരം നഗരസഭ പ്രദേശങ്ങളിൽ മാലിന്യ നിക്ഷേപം പതിവായതോടെയാണ് കാമറ സ്ഥാപിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്. ഇതോടൊപ്പം എട്ട് സ്ഥലങ്ങളിൽ കൂടി കാമറ സ്ഥാപിക്കുന്ന പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. 22 ലക്ഷം രൂപയാണ് ഇതിനായി വന്ന ചെലവ്. കാരകുളത്തു നാട് റോഡ്, കോട്ടാറ്റ് പറയൻ തോട് പാലം, വി.ആർ.പുരം പാലക്കുഴി പാലം, ഫൊറോന ചർച്ച് റോഡ്, ചേനത്തുനാട് വായനശാല, കൂടപ്പുഴ മന റോഡ്, പോട്ട കാളൻചിറ റോഡ്, ഇടുകൂട് പാലം എന്നിവിടങ്ങളിലാണ് കാമറകൾ സ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിച്ചത്. കഴിഞ്ഞ വർഷം 10 സ്ഥലങ്ങളിൽ 25 ലക്ഷം രൂപ ചെലവിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരുന്നു. ഇതുവഴി മാലിന്യം തള്ളൽ തടയാൻ നഗരസഭക്ക് കഴിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.