തലക്കുമീതെ ഭീഷണിയായി ചില്ലുപാനലുകൾ
text_fieldsചാലക്കുടി: താലൂക്ക് ഓഫിസ് പ്രവർത്തിക്കുന്ന ചാലക്കുടി ടൗൺ ഹാൾ ഷോപ്പിങ് കോംപ്ലക്സിൽ അപകട ഭീഷണി. കെട്ടിടത്തിന്റെ മുകളിലെ നിലയിൽ സ്ഥാപിച്ച ചില്ലുപാനലുകൾ കാലപ്പഴക്കംകൊണ്ട് താഴേക്ക് അടർന്നുവീഴാൻ തുടങ്ങിയതാണ് ഇപ്പോഴത്തെ അപകട ഭീഷണിക്ക് കാരണമായത്.
നാലാംനിലയിൽ നിന്ന് ഊരിവീഴുന്ന ചില്ലുകൾ ജനങ്ങളുടെമേൽ പതിച്ചാൽ വൻ ദുരന്തമാകും. വാഹനങ്ങളും അവിടെ പാർക്ക് ചെയ്യുന്നുണ്ട്. താഴെ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് ധാരാളം പേർ എത്തുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ് കെ. കരുണാകരന്റെ കാലത്താണ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നത്. താലൂക്ക് ഓഫിസ്, പാരലൽ കോളജ് അടക്കം നിരവധി സ്ഥാപനങ്ങളാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നത്.
രണ്ട് വർഷം മുമ്പ് കെട്ടിടത്തിന്റെ മുകളിലെ ട്രെസ് വർക്ക് കാറ്റത്ത് പറന്നുപോയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ രണ്ട് നിലകളിലാണ് രൂപഭംഗിക്കായി വശങ്ങളിൽ ചില്ല് പാനലുകൾ സ്ഥാപിച്ചത്. ഇവ ഉറപ്പിച്ച സ്കൂവും മറ്റും കാലപ്പഴക്കം കൊണ്ട് തുരുമ്പിച്ചതാണ് പാനലുകൾ താഴോട്ട് അടർന്നുവീഴാൻ കാരണം.
മഴക്കാലമായതോടെ കാറ്റത്ത് കൂടുതൽ ചില്ലുകൾ താഴോട്ട് പതിക്കാൻ ഇടയുണ്ട്. ചാലക്കുടി തഹസിൽദാർ അപകടവിവരം നഗരസഭ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്. എത്രയും വേഗം നടപടി വേണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.