സർക്കാർ ഭൂമിയിൽ അവകാശം ഉന്നയിച്ച് നൽകിയ കേസ് തള്ളി
text_fieldsചാലക്കുടി: കോടികൾ വിലമതിക്കുന്ന സർക്കാർ ഭൂമിയിൽ അവകാശം ഉന്നയിച്ച് സഹോദരങ്ങൾ നൽകിയ കേസ് കോടതി തള്ളി. ചാലക്കുടി നഗരസഭ അതിർത്തിയിൽ പോട്ട ഇറിഗേഷൻ വാച്ച്മാൻ ക്വാർട്ടേഴ്സിനോട് അനുബന്ധിച്ച ഇറിഗേഷൻ വക 40 സെന്റ് ഭൂമിയിലാണ് രണ്ട് സ്വകാര്യ വ്യക്തികൾ അവകാശം ഉന്നയിച്ചത്.
പോട്ട സ്വദേശികളായ കോക്കാടൻ ജോണി, സഹോദരനായ ഡേവിസ് എന്നിവരാണ് പരാതിക്കാർ. ഈ ഭൂമി ദീർഘകാലമായി അവരുടെ കൈവശമാണെന്നും അതുകൊണ്ട് എതിർകൈവശ കാലഹരണ പ്രകാരം അവകാശമുണ്ടെന്നും ഈ സാഹചര്യത്തിൽ ഇറിഗേഷൻ ഭൂമിയുടെ അതിരിൽ മതിൽ കെട്ടി തിരിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഇവർ ചാലക്കുടി മുൻസിഫ് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.
എന്നാൽ, ഇവർ ബോധിപ്പിച്ച അന്യായം ചെലവ് സഹിതം ചാലക്കുടി മുൻസിഫ് എം.ടി. തരിയച്ചൻ തള്ളുകയായിരുന്നു. 2018ൽ സർക്കാർ വക ഭൂമി താലൂക്ക് സർവേ സഹായത്തോടെ അളന്ന് അതിർത്തി കല്ലുകളും സർക്കാർ ബോർഡും സ്ഥാപിച്ചതുമാണ്. ഇറിഗേഷൻ വകുപ്പ് മതിൽ പുതുക്കിപ്പണിയാനായി ആരംഭിച്ചപ്പോൾ വാദികളുടെ നേതൃത്വത്തിൽ തടയുകയും ഭൂമിയിൽ അവകാശം ഉണ്ടെന്നും ഈ ഭൂമിയിൽ കൃഷി നടത്തിവരുന്നതായും ഉന്നയിച്ച് കോടതിയിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു. വാദികൾക്ക് സർക്കാർ ഭൂമിയിൽ അവകാശം ഇല്ല എന്ന് കണ്ടാണ് അന്യായം തള്ളിയത്. സർക്കാറിന് വേണ്ടി അഡ്വ. വി.വി. ജയരാമൻ, അഡ്വ. എൻ.ഒ. സേവ്യർ എന്നിവർ ഹാജറായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.