ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു
text_fields
ചാലക്കുടി: പെരിങ്ങൽക്കുത്ത് ഡാമിൽനിന്ന് ചാലക്കുടിപ്പുഴയിലേക്ക് കൂടുതൽ ജലം തുറന്നുവിട്ടു. പറമ്പിക്കുളം ഡാമിൽനിന്ന് വെള്ളം കൂടുതൽ അളവ് എത്തിയതിനാൽ വൈകീട്ട് പെരിങ്ങൽക്കുത്തിൽനിന്ന് കൂടുതൽ വെള്ളം തുറന്നുവിടുകയായിരുന്നു. ഞായറാഴ്ച രാവിലെ വനമേഖലയിൽ മഴ കുറവായിരുന്നെങ്കിലും ഉച്ചകഴിഞ്ഞ് കനത്ത മഴ പെയ്തു. കേരള ഷോളയാർ ജലനിരപ്പ് മെല്ലെ ഉയരുകയാണ്.
ചാലക്കുടിപ്പുഴയിലെ ജലനിരപ്പ് വെറ്റിലപ്പാറ ഗേജിങ് സ്റ്റേഷനിൽ മുന്നറിയിപ്പ് നിരപ്പ് കവിഞ്ഞ് 44.62 മീറ്ററിൽ എത്തിയതോടെ ചാലക്കുടി ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജാഗ്രത നിർദേശം നൽകി. അതേസമയം, ചാലക്കുടിപ്പുഴയിൽ താഴെ ഭാഗത്ത് വെള്ളപ്പൊക്ക ഭീഷണിയില്ല. ആറങ്ങാലി സ്റ്റേഷനിൽ ജലനിരപ്പ് നാല് മീറ്ററിൽ താഴെയാണ്. ഏഴ് മീറ്റർ കവിഞ്ഞാലേ ഇവിടെ മുന്നറിയിപ്പ് ഘട്ടമെത്തൂ. ചാലക്കുടിയിലും ഞായറാഴ്ച ഉച്ചയോടെ മഴ കനത്തു. മഴക്കെടുതിയിൽ പരിയാരം, കോടശ്ശേരി പഞ്ചായത്തുകളിലായി ചൗക്ക, എലിഞ്ഞിപ്ര എന്നീ ഭാഗങ്ങളിൽ അഞ്ച് വൈദ്യുതി പോസ്റ്റുകൾ വീണു.
മരം വീണാണ് പോസ്റ്റുകൾക്ക് നാശനഷ്ടമുണ്ടായത്. വീണ്ടും മഴ കനക്കുന്ന സാഹചര്യമുണ്ടായാൽ കാലതാമസമില്ലാതെ ക്യാമ്പുകൾ തുറക്കുന്നതിന് വേണ്ട തയാറെടുപ്പുകൾ സജ്ജമാണെന്ന് ചാലക്കുടി നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ പറഞ്ഞു. ക്യാമ്പുകൾ ആരംഭിക്കാൻ ആറ് കേന്ദ്രങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചാലക്കുടി ഗവ. ബോയ്സ് ഹൈസ്കൂൾ, മുഞ്ഞേലി പള്ളി പാരിഷ് ഹാൾ, കോട്ടാറ്റ് സെൻറ് ആൻറണിസ് ഹൈസ്കൂൾ, നോർത്ത് ചാലക്കുടി സെൻറ് ജോസഫ് പള്ളി പാരിഷ് ഹാൾ, വി.ആർ പുരം കമ്യൂണിറ്റി ഹാൾ, കൂടപ്പുഴ തിരുമാന്ധാംകുന്ന് ദേവി ക്ഷേത്രം ഹാൾ എന്നിവയാണ് ക്യാമ്പിനായി കണ്ടെത്തിയിട്ടുള്ള ആറ് സ്ഥലങ്ങൾ. മഴക്കെടുതി മൂലമുണ്ടാകുന്ന ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നഗരസഭയും പൊലീസും റവന്യൂ വകുപ്പും സഹകരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉരുൾപൊട്ടൽ സാധ്യത മുന്നിൽക്കണ്ട് പരിയാരം പഞ്ചായത്തിലെ കാഞ്ഞിരപ്പിള്ളി പട്ടികജാതി കോളനിയിൽ കഴിഞ്ഞ ദിവസം മാറ്റിപാർപ്പിച്ച അഞ്ച് കുടുംബങ്ങൾ ഇപ്പോഴും ക്യാമ്പിൽ തുടരുകയാണ്. കൊന്നക്കുഴി ചക്രപാണി സ്കൂളിലാണ് ക്യാമ്പുള്ളത്. 23 പേർ ഇവിടെ കഴിയുന്നു.
വാഴാനി ഡാമിെൻറ ഷട്ടർ തുറന്നു; വരടൻ ചിറ മുങ്ങി
വടക്കാഞ്ചേരി: കനത്ത മഴയെ തുടർന്ന് വാഴാനി ഡാമിെൻറ ഷട്ടർ തുറന്നതോടെ തെക്കുംകര പഞ്ചായത്തിലെ വരടൻ ചിറ പൂർണമായി മുങ്ങി. 60 എക്കറോളം നെൽകൃഷി വെള്ളത്തിലാണ്. ആഴ്ചകൾ മാത്രം പ്രായമുള്ള നെൽച്ചെടികളാണ് മുങ്ങിനശിച്ചത്. പ്രദേശത്തെ നിരവധി വീടുകൾ വെള്ളക്കെട്ട് ഭീഷണിയിലാണ്. വെള്ളം ഒഴുകിപോകുന്നതിനുള്ള തടസ്സം നീക്കണമെന്നും കരുമത്ര പാറപുറം താമരകുളത്തിെൻറ നിർമാണത്തിലെ അപാകതകൾ പരിഹരിക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്.
ചിമ്മിനി ഡാമിെൻറ ഷട്ടറുകള്‍ കൂടുതൽ ഉയർത്തി
ആമ്പല്ലൂര്‍: ചിമ്മിനി ഡാമിെൻറ ഷട്ടറുകള്‍ കൂടുതൽ ഉയർത്തി. നാലു ഷട്ടറുകളും പത്ത് സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ശക്തമായ മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് 75.69 മീറ്റർ ആയതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തിയത്. ഒക്ടോബർ 12ന് ഷട്ടറുകൾ അഞ്ചിൽനിന്ന് ഏഴര സെൻറീമീറ്ററായി ഉയർത്തിയിരുന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയ സാഹചര്യത്തില്‍ കുറുമാലി, കരുവന്നൂര്‍ പുഴകളില്‍ ജലനിരപ്പ് ഉയരുമെന്നതിനാല്‍ സമീപവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ഇരിങ്ങാലക്കുടയിൽ കുന്നിടിഞ്ഞു
ഇരിങ്ങാലക്കുട: കനത്ത മഴയിൽ ഇരിങ്ങാലക്കുട നഗരസഭ 39ാം- വാർഡ് തളിയകോണത്ത് കുന്നിടിഞ്ഞു. ബാപ്പുജി സ്മാരക സ്റ്റേഡിയത്തിന് പിൻവശത്ത് സ്റ്റേഡിയത്തിനോട് ചേർന്നുള്ള വലിയ കുന്നാണ് ഇടിഞ്ഞത്. വലിയ ഉയരത്തിലുള്ള പ്രദേശം വീണ്ടും ഇടിയാനുള്ള സാഹചര്യം ഉണ്ടെന്ന് സ്ഥലം സന്ദർശിച്ച കൗൺസിലർ ടി.കെ. ഷാജു പറഞ്ഞു. 15ഓളം കുടുംബങ്ങളാണ് ഇവിടെ ഭീഷണി നേരിടുന്നത്. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സ്റ്റേഡിയം നവീകരണത്തിനായി ഒരുകോടി രൂപയോളം വകയിരുത്തിയിരുന്നെങ്കില്ലും നടപടികൾ ഒന്നും ആയിട്ടില്ലെന്നും കൗൺസിലർ പറഞ്ഞു.
ഇതിന് പുറമെ നഗരസഭയുടെ പടിഞ്ഞാറന്‍ പ്രദേശങ്ങളായ പെരുവല്ലിപ്പാടം, കെ.എസ്.ആര്.ടി.സി പരിസരം, കൂടല്‍മാണിക്യം തെക്കേ നട, താഴ്ന്ന പ്രദേശമായ ചാലാംപടം തുടങ്ങിയ സ്ഥലങ്ങള്‍ വെള്ളക്കെട്ടിലായി. എടതിരിഞ്ഞി വളവനങ്ങാടി റോഡില്‍ തണല്‍മരം കടപുഴകി. പാടത്തേക്ക് മരം വീണതിനാൽ അപകടമൊഴിവായി.
എടതിരിഞ്ഞി- വളവനങ്ങാടി റോഡില്‍ ഷണ്മുഖം കനാല്‍ പാലത്തിന് സമീപം തണല്‍മരം നിലംപൊത്തി. മരത്തിെൻറ വേരുകള്‍ റോഡിന് താഴെ നിന്നും പെന്തിയതിനാല് റോഡ് പൊളിഞ്ഞിട്ടുണ്ട്. സമീപത്തെ പാടത്തേക്ക് മറിഞ്ഞതിനാല്‍ അപകടമൊന്നും സംഭവിച്ചിട്ടില്ല.കനത്ത മഴയില്‍ തളിയകോണത്ത് കിണര്‍ ഇടിഞ്ഞു. ഇരിങ്ങാലക്കുട നഗരസഭയിലെ 39ാം വാര്‍ഡ് തളിയകോണത്ത് കീരമ്പത്തൂര് രാമന് ഇളയതിെൻറ വീട്ടിലെ കിണറാണ് ഇടിഞ്ഞത്. അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിെൻറ ചുറ്റുമതിൽ ഇടിയുകയും ചെയ്തു. പടിഞ്ഞാറെ ഗോപുരത്തോടു സമീപമുള്ള ചുറ്റുമതിലാണ് ഇടിഞ്ഞത്.
പുതുക്കാട് മണ്ണിടിഞ്ഞ് വീടുകള്‍ അപകടാവസ്ഥയില്‍
ആമ്പല്ലൂര്‍: കനത്ത മഴയില്‍ പുതുക്കാട് വടക്കേ തൊറവില്‍ വീട്ടുമതില്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് നാല് വീട്ടുകാരെ ഒഴിപ്പിച്ചു. വടക്കേ തൊറവ് ചെറുശ്ശേരി ജോണിയുടെ ഇരുനില വീടിെൻറ പിൻവശത്തെ മണ്ണും കല്ലും ഇടിഞ്ഞാണ് അപകടം ഉണ്ടായത്. വീടിെൻറ അടിത്തറയോടു ചേര്‍ന്നുള്ള ഭാഗവും മതിലും ഇടിഞ്ഞ് താഴെയുള്ള വീട്ടില്‍ പതിച്ചു. ശനിയാഴ്ച രാത്രി 11നായിരുന്നു സംഭവം. ജോണിയെയും കുടുംബത്തെയും സമീപവാസികളായ ചെറുശ്ശേരി ഔസേഫ്, പെരുമ്പിള്ളി ജോസഫ്, പുതുപറമ്പില്‍ മുകുന്ദന് എന്നിവരുടെ കുടുംബങ്ങളെയും മാറ്റിപ്പാര്‍പ്പിച്ചു. ജോണിയുടെ കുടുംബത്തെ വടക്കേ തൊറവ് സാംസ്കാരിക നിലയത്തിലേക്കും മറ്റുള്ളവരെ ബന്ധുവീട്ടിലേക്കുമാണ് മാറ്റിയത്. അപകടത്തിൽ വീടിന് ബലക്ഷയം സംഭവിച്ചതായി പറയുന്നു. മണ്ണിടിഞ്ഞതോടെ താഴ്ന്ന പ്രദേശത്ത് താമസിക്കുന്ന വീട്ടുകാര്‍ ആശങ്കയിലാണ്.
മണലി പുഴ കരകവിഞ്ഞു; വീടുകളിൽ വെള്ളം കയറി
ആമ്പല്ലൂർ: മണലി പുഴയിൽ ജലനിരപ്പ് ഉയർന്നതോടെ നെന്മണിക്കര പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി. നെന്മണിക്കര ചിറ്റിശേരി മേമ്പുള്ളി പാടത്ത് 17 വീടുകളിലേക്കും മണലി പുലക്കാട്ടുകരയിൽ 13 വീടുകളിലേക്കുമാണ് വെള്ളം കയറിയത്. ഈ കുടുംബങ്ങളെ ബന്ധുവീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചതായി പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ബൈജു പറഞ്ഞു.
വെസ്റ്റ് കൊരട്ടിയിൽ 60 ഏക്കർ നെൽകൃഷി വെള്ളത്തിൽ
ചാലക്കുടി: വെസ്റ്റ് കൊരട്ടിയിൽ ഏക്കർ കണക്കിന് നെൽകൃഷി വെള്ളം കയറി നശിക്കുന്നു. കഞ്ഞലങ്ങാട്, വഴമ്പനക്കാവ്, തൃക്കത്താഴം, തച്ചപ്പിള്ളി, വിളങ്ങൻ, ഇരട്ടകുളം, വാപ്പറമ്പ് പടവുകളിലായി ഏകദേശം 60 ഏക്കർ നെൽകൃഷിയാണ് നശിക്കുന്നത്.
കൊരട്ടിച്ചാലിനോട് ചേർന്ന കൃഷിയിടങ്ങളിലേക്കാണ് വെള്ളം കയറിയിട്ടുള്ളത്. കൊരട്ടിച്ചാലിെൻറ തോടുകൾ തകർന്നു കിടക്കുന്നതാണ് വെള്ളം കയറാൻ കാരണം. രണ്ടു മാസം പ്രായമായ നെൽകൃഷിയാണ് നശിക്കുന്നതെന്നതിനാൽ നഷ്ടപരിഹാരവും കിട്ടാൻ സാധ്യതയില്ലാത്തതിനാൽ കർഷകർ നിരാശയിലാണ്. നടീലിനും വളപ്രയോഗത്തിനുമൊക്കെ ചെലവ് വന്ന പണം നഷ്ടമാകുന്ന അവസ്ഥയാണ്. ഒേരക്കറിന് 8000 രൂപയോളമാണ് നഷ്ടം. വാപ്പറമ്പ് പാടശേഖരത്തിൽ ഇത് നാലാം തവണയാണ് വെള്ളം കയറുന്നത്. മറ്റിടങ്ങളിൽ നേരത്തേ മൂന്ന് തവണയും വെള്ളം കയറിയിരുന്നു. എന്നാൽ, രണ്ടു ദിവസം കഴിഞ്ഞ് മഴ നിലച്ചതിനാൽ കർഷകർ ആശ്വാസത്തിലായിരുന്നു. എന്നാൽ, ഇക്കുറി മഴ തുടരുന്നതിനാൽ കർഷകർ പ്രതീക്ഷ നഷ്ടപ്പെട്ട നിലയിലാണ്. ഇനി വീണ്ടും ഞാറ്റടിയൊരുക്കി കൃഷി പുനരാരംഭിക്കുകയെന്നത് പ്രായോഗികമല്ല. തരിശുഭൂമിയിൽ കൃഷി നടത്തി വിജയിച്ചു വന്ന വെസ്റ്റ് കൊരട്ടിയിലെ കൂട്ടുകൃഷി സംഘത്തിന് കാലവർഷക്കെടുതി വലിയ തിരിച്ചടിയായി.
മാള പഞ്ചായത്ത് ബസ്സ്റ്റാൻഡിലെ വെള്ളക്കെട്ട് നീക്കി
മാള: ശക്തമായ മഴയിൽ മാള പഞ്ചായത്ത് ബസ്സ്റ്റാൻഡിൽ രൂപപ്പെട്ട വെള്ളക്കെട്ട് നീക്കി. വെള്ളക്കെട്ട് രൂപംകൊണ്ടത് സംബന്ധിച്ച് 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ നൂറിലധികം ബസുകൾ വന്നുപോകുന്ന സ്റ്റാൻഡാണിത്. യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് സമീപത്തെ ചാലിലേക്ക് വെള്ളം ഒഴുക്കിവിട്ടത്. അതേസമയം, ചാലിൽ വർധിച്ച തോതിൽ മാലിന്യം വന്നു നിറഞ്ഞിട്ടുണ്ട്. പഞ്ചായത്ത് കാര്യാലയത്തിന് സമീപത്തെ ബണ്ട് മുതൽ മാള കടവ് വരെ ചാൽ ഒഴുക്ക് ശക്തമല്ല. ചാലിൽ രൂപപ്പട്ട ചളിയും മാലിന്യവുമാണ് ഇതിനു കാരണം. ചാൽ ഒരു കിലോമീറ്റർ ദൂരമെങ്കിലും യന്ത്ര സഹായത്തോടെ ശുചീകരണം നടത്തണമെന്ന് ആവശ്യമുയരുന്നുണ്ട്. നേരത്തേ വിവിധ സംഘടനകൾ ഭാഗികമായി ശുചീകരണം നടത്തിയിരുന്നു.
ദേശീയപാതയോരത്ത് മണ്ണിടിഞ്ഞു; മരം അപകടാവസ്ഥയില്‍
ആമ്പല്ലൂര്‍: കനത്ത മഴയില്‍ മണ്ണിടിഞ്ഞതോടെ ദേശീയപാതയോരത്തെ മരം അപകടാവസ്ഥയിലായി. ദേശീയപാത പുതുക്കാട് ജങ്ഷന് സമീപത്തെ ഉയര്‍ന്ന പറമ്പില്‍ നിലനില്‍ക്കുന്ന മരം ഏതുനിമിഷവും നിലംപതിക്കുമെന്ന സ്ഥിതിയിലാണ്. മരം നില്ക്കുന്ന പ്രദേശത്തെ മണ്ണ് പൂര്‍ണമായും ഇളകിയിട്ടുണ്ട്. വേരുകള്‍ മണ്ണില്‍ നിന്നും അടര്ന്നനിലയിലുമാണ്. ദേശീയപാതയിലേക്ക് മരം വീണാല്‍ അപകടം സംഭവിക്കാനിടയുണ്ട്. അപകടാവസ്ഥയിലുള്ള മരം മുറിച്ചു നീക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പട്ടികജാതി കോളനിയടക്കം രണ്ടിടങ്ങളിൽ വെള്ളം കയറി
ആമ്പല്ലൂര്‍: മണലിപുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പുഴയോരത്തുള്ള കല്ലൂര്‍ പള്ളം പട്ടികജാതി കോളനിയിലും പുലക്കാട്ടുകരയിലും വെള്ളം കയറി. കുടുംബങ്ങളെ ഒഴിപ്പിച്ചു. പള്ളം കോളനിയിലെ 13 കുടുംബങ്ങളെ കല്ലൂര്‍ വി.എല്‍.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മറ്റുള്ളവര്‍ ബന്ധുവീടുകളിലേക്ക് മാറി. തൃക്കൂര് പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിലാണ് പള്ളം കോളനിയിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചത്. ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റ്, പഞ്ചായത്ത് പ്രസിഡൻറ് മോഹനന് തൊഴുക്കാട്ട് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നത്. പുലക്കാട്ടുകര മൈത്രി നഗര്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എല്‍.പി സ്കൂളിലും തലോര്‍ സ്കൂളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ജില്ല കലക്ടര്‍ ഹരിത വി. കുമാര്‍ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. നെന്മണിക്കര പഞ്ചായത്ത് പ്രസിഡൻറ് ടി.എസ്. ബൈജു, മറ്റു ജനപ്രതിനിധികളും ആരോഗ്യ വിഭാഗവും സ്ഥലത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.