മലയോര ഹൈവേ നിർമാണം: നിയമവിരുദ്ധ പ്രവർത്തനം ഹൈകോടതി തടഞ്ഞു
text_fieldsചാലക്കുടി: മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് നിർവഹണ ഏജൻസികൾ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾ ഹൈകോടതി തടഞ്ഞു. ഒരു കൂട്ടം സ്ഥലമുടമകൾ നൽകിയ പരാതിയിലാണ് നടപടി. അതിരപ്പിള്ളി, കോടശേരി, മറ്റത്തൂർ പഞ്ചായത്തുകളിലൂടെ നിലവിലെ റോഡ് ഇരുവശത്തും വീതി കൂട്ടി 18.5 കിലോമീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് ഹൈവേയുടെ തേർഡ് റീച്ച് നിർമിക്കുന്നത്.
മതിൽ, വീട് തുടങ്ങിയ നിർമാണങ്ങൾക്കല്ലാതെ സ്ഥലത്തിന് നഷ്ടപരിഹാരം നൽകില്ലെന്ന നിലപാടിലാണ് റോഡ് നിർമിക്കുന്നത്. 600ൽ പരം സ്ഥലമുടമകൾ ഇതുപ്രകാരം സൗജന്യമായി ഭൂമി വിട്ടുകൊടുത്തിരുന്നു. കുറച്ച് പേർക്ക് നിർമാണങ്ങൾക്ക് നഷ്ടപരിഹാരം നൽകി. എന്നാൽ ഇതിൽ ക്രമക്കേടും അഴിമതിയും ആരോപിച്ച് 200ൽ പരം പേർ ഇപ്പോഴും അനുമതി ഒപ്പിട്ട് കൊടുത്തിട്ടില്ല.
2013ലെ കേരള ലാൻഡ് അക്യുസിഷൻ ആക്ട് നടപ്പാക്കേണ്ട നിർവഹണ ഏജൻസിയായ കെ.ആർ.എഫ് ചട്ടവിരുദ്ധമായാണ് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചതെന്നാണ് പ്രധാന പരാതി. ഏറ്റെടുക്കുന്ന ഭൂമിയിലെ നിർമിതികളുടെ പുനർനിർമാണത്തിന് പണം അനുവദിച്ചതും സ്വീകരിച്ച നടപടികളും നിയമ വിരുദ്ധമായിരുന്നുവെന്നും പരാതി ഉയർന്നു.
പദ്ധതി സംബന്ധിച്ച രേഖകൾ കലക്ടറേറ്റിലും പദ്ധതി പ്രദേശത്തെ പഞ്ചായത്തുകളിലും പരസ്യപ്പെടുത്തണമെന്നും ചട്ടമുണ്ട്. എന്നാൽ സ്ഥലമുടമകൾ വിവരാവകാശ പ്രകാരം ആവശ്യപ്പെട്ടിട്ടും നിർവഹണ ഉദ്യോഗസ്ഥർ രേഖകൾ നൽകിയില്ല. ഇതോടെയാണ് ഹരജിക്കാർ കോടതിയെ സമീപിച്ചത്.
നിയമപ്രകാരം ഭൂമി വിട്ടുകൊടുക്കുന്നവർക്ക് പൊന്നുംവിലയുടെ ഇരട്ടിയിലേറെ നൽകണമെന്ന് നിയമം അനുശാസിക്കുമ്പോൾ ഏറ്റെടുക്കുന്ന ഭൂമിയിലെ മതിലോ മറ്റ് നിർമിതികളെയോ മാത്രം ആധാരമാക്കി നഷ്ടപരിഹാരം നൽകിയതും ഒരു മാനദണ്ഡവും പാലിക്കാതെയായിരുന്നുവെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ ജോൺ കെ. ജോർജ് ഹൈക്കോടതിയെ ബോധിപ്പിച്ചു.
ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിവരങ്ങൾ ഭൂവുടമകളെ അറിയിച്ചിട്ടില്ലെന്നും ഹരജിക്കാർ പറയുന്നു. റോഡ് നിർമാണം സുതാര്യവും നഷ്ടങ്ങൾക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നത് അർഹിക്കുന്ന മാനദണ്ഡങ്ങളുടെയും 2013ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലും ആകണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം. ഒപ്പിട്ടു കൊടുക്കാത്തവരുടെ ഭൂമി ഇനി സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരിക്കണം എറ്റെടുക്കൽ നടപടിയെടുക്കേണ്ടതെന്നാണ് പരാതികൾ മുഴുവൻ കേട്ടശേഷം ഹൈക്കോടതി ഉത്തരവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.