മലയോര ഹൈവേ നഷ്ടപരിഹാരം; കോടശ്ശേരിയിൽ മുറുമുറുപ്പ്
text_fieldsചാലക്കുടി: മലയോര ഹൈവേയുടെ നിർമാണവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നൽകിത്തുടങ്ങിയതോടെ കോടശ്ശേരി പഞ്ചായത്തിൽ അധികാരികൾക്കെതിരെ പരാതികളേറെ. ഒരു മാനദണ്ഡവും പാലിക്കാതെയാണ് നഷ്ടപരിഹാരം നൽകുന്നതെന്നാണ് ആരോപണം. ഈ വിഷയത്തിൽ കെ.ആർ.എഫ്.ബി കൊച്ചി ഓഫിസിലും കലക്ടറേറ്റിലും പരാതികൾ എത്തിക്കൊണ്ടിരിക്കുകയാണ്. കോടശ്ശേരി മേഖലയിലെ പള്ളിയിലെ വികാരി അടക്കം നഷ്ടപരിഹാര തുക സംബന്ധിച്ച് പരാതി നൽകിയിട്ടുണ്ട്.
അധികാരികൾ നഷ്ടപരിഹാരം നൽകുന്നതിന്റെ മാനദണ്ഡം മൂടിവെച്ചിരിക്കുകയാണ്. ഇതിനെ കുറിച്ച് വിവരാവകാശ നിയമ പ്രകാരം അന്വേഷിക്കുന്നവർക്ക് 8.1 ജെ പ്രകാരം മറുപടി നൽകാനാവില്ലെന്നാണ് അധികൃതരുടെ ഉത്തരം. എന്നാൽ വ്യക്തിയുടെ സ്വകാര്യതയിലേക്കും രാജ്യസുരക്ഷയ്ക്കും ഭീഷണിയായാൽ മാത്രമേ ഈ വകുപ്പു പ്രകാരം മറുപടി നൽകാതിരിക്കാനാവൂവെന്നാണ് പറയുന്നത്.
നിലവിലുള്ള റോഡ് വശങ്ങളിൽ വീതി കൂട്ടിയാണ് മലയോരപ്പാത നിർമിക്കുന്നത്. കോടശ്ശേരി പഞ്ചായത്തിൽ മാത്രം 197 ൽ പരം വ്യക്തികളുടെ ഭൂമിയിലൂടെയാണ് കടന്നു പോകുന്നത്. നേരത്തെയുള്ള കരാർ പ്രകാരം പാതയ്ക്ക് വേണ്ടി എല്ലാവരും സൗജന്യമായാണ് ഭൂമി വിട്ടുകൊടുക്കുന്നത്. എന്നാൽ ഇവിടെ മതിലോ മറ്റ് നിർമ്മിതിയോ ഉണ്ടെങ്കിൽ അതിന് നഷ്ടപരിഹാരം നൽകും.
40 ഓളം പേർക്ക് നഷ്ടപരിഹാരം നൽകിയതായി സൂചനയുണ്ട്. എന്നാൽ നഷ്ടപരിഹാരം നൽകുന്ന മാനദണ്ഡത്തിൽ ദുരൂഹതയുണ്ടെന്നാണ് പരാതി. പലരും പരാതിയുമായി അധികാരികൾക്ക് മുന്നിലേക്ക് പോകാൻ ഒരുങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.