ഹോട്ടൽ കുത്തിതുറന്ന് മോഷണം: നാല് യുവാക്കൾ അറസ്റ്റിൽ
text_fieldsആമ്പല്ലൂര്‍: പുതുക്കാട് കുറുമാലിയില്‍ രാത്രി ഹോട്ടല്‍ കുത്തിതുറന്ന് രണ്ട് ലക്ഷത്തിലേറെ രൂപയും സ്‌കൂട്ടറും മൊബൈല്‍ ഫോണുകളും മോഷ്ടിച്ച സംഭവത്തിലെ നാല് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാലക്കുടി ഡിവൈ.എസ്.പി സി.ആര്‍. സന്തോഷിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും പുതുക്കാട് പൊലീസും ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മലപ്പുറം താനൂര്‍ തോണിപ്പറമ്പില്‍ വീട്ടില്‍ റഫീഖ് (31), കോഴിക്കോട് കല്ലായി പന്നിയങ്കര എന്‍വി വീട്ടില്‍ അജ്മല്‍ ( 21), കോഴിക്കോട് കൂട്ടാലിട പാറച്ചിലില്‍ അജിത് വര്‍ഗ്ഗീസ് (20), കോഴിക്കോട് മുതുവല്ലൂര്‍ പാറക്കുളങ്ങര വീട്ടില്‍ ജില്‍ഷാദ് (28) എന്നിവരാണ് അറസ്റ്റിലായത്.
ഒക്ടോബര്‍ 23 നാണ് കേസിനാസ്പദമായ സംഭവം. ദേശീയപാതയോരത്ത് കുറുമാലിയില്‍ ഹോട്ടലിന്‍റെ ഗ്ലാസ് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ മേശക്കുള്ളില്‍ സൂക്ഷിച്ചിരുന്ന പണവും മൊബൈല്‍ ഫോണുകളും ഹോട്ടലിന്‍റെ മുന്നിൽ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടറും മോഷ്ടിച്ച് കടക്കുകയായിരുന്നു. ഹോട്ടലിനുള്ളിലെ നിരീക്ഷണ കാമറയില്‍ മോഷണത്തിന്‍റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍ കണ്ട ഇരുചക്ര വാഹനയാത്രികരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കോഴിക്കോടിനും വയനാടിനുമിടയിലെ കരടിപ്പാറ മലമുകളില്‍ ഒളിവില്‍ കഴിയുകയായിരുന്നു. ലഹരി വസ്തുക്കള്‍ വില്‍പന നടത്തുന്ന സംഘത്തിലുള്ളവരാണ് പിടിയിലായവര്‍. നിരവധി കേസുകളിലെ പ്രതികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.
മോഷണം പോയ മൊബൈല്‍ ഫോണും സ്‌കൂട്ടറും പൊലീസ് കണ്ടെടുത്തു. പുതുക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.എന്‍. ഉണ്ണികൃഷ്ണന്‍, എസ്.ഐ സിദ്ദിഖ് അബ്ദുള്‍ ഖാദര്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ജിനുമോന്‍ തച്ചേത്ത്, സി.എ. ജോബ്, സതീശന്‍ മടപ്പാട്ടില്‍, റോയ് പൗലോസ്, പി.എം. മൂസ, വി. യു. സില്‍ജോ, എ.യു. റെജി, എം.ജെ. ബിനു, ഷിജോ തോമസ് പുതുക്കാട് സ്റ്റേഷനിലെ എ.എസ്.ഐ കെ.എസ്. സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.