ഷോളയാർ ഡാം തുറന്നാൽ 10 കോടി രൂപയുടെ വൈദ്യുതി നഷ്ടം -മന്ത്രി
text_fieldsചാലക്കുടി: ഷോളയാർ ഡാം തുറന്നുവിട്ടാൽ ഇപ്പോഴത്തെ അവസ്ഥയിൽ 10 കോടിയിൽപരം രൂപയുടെ വൈദ്യുതിനഷ്ടം സംഭവിക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചാലക്കുടിപ്പുഴ നേരിടുന്ന വരൾച്ച പരിഹരിക്കാൻ ഷോളയാർ ഡാമിൽനിന്ന് ജലം ഒഴുക്കിവിടുന്ന ആവശ്യത്തോട് നിയമസഭയിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി.
ഈ വിഷയം മുഖ്യമന്ത്രിയുമായി കൂടിയാലോചിക്കുമെന്ന് മന്ത്രി കൃഷ്ണൻകുട്ടി നിയമസഭയിൽ അറിയിച്ചു. ജലലഭ്യതയിലുള്ള കുറവും ഇതുമൂലം ഡാം തുറന്നാലുണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങളും പരിഗണിച്ചായിരിക്കും തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് താഴ്ന്ന സാഹചര്യത്തിൽ പുഴയെ ആശ്രയിക്കുന്ന പതിനയ്യായിരത്തോളം ഹെക്ടർ പ്രദേശം വരൾച്ച അഭിമുഖീകരിക്കുകയാണെന്നും പ്രശ്ന പരിഹാരത്തിന് ഡാമിൽനിന്ന് ജലം തുറന്നുവിടാനുള്ള അടിയന്തര നടപടികൾ സ്വീകരിക്കുമോയെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എ ചോദ്യം ഉന്നയിച്ചിരുന്നു.
ഷോളയാർ ഡാം നിറഞ്ഞുനിൽക്കുന്ന സാഹചര്യത്തിലും ജലവൈദ്യുതി നിലയത്തിലെ രണ്ട് ജനറേറ്ററുകളുടെ തകരാർമൂലം ചാലക്കുടിപ്പുഴയിലേക്കുള്ള നീരൊഴുക്ക് ഇല്ലാതായതായും തകരാർ പരിഹരിക്കാൻ രണ്ട് മാസത്തോളം സമയം വേണ്ടിവരുമെന്നാണ് അറിയാൻ സാധിച്ചതെന്നും എം.എൽ.എ മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തി.
ചാലക്കുടിപ്പുഴയോരത്തെ വിവിധ പഞ്ചായത്തുകൾ ജലക്ഷാമം നേരിടുകയാണ്. പുഴയിലെ ജലക്ഷാമം നിമിത്തം തുമ്പൂർമുഴിയിലെ നദീതട പദ്ധതി പ്രതിസന്ധിയിലാണ്. കനാലുകളിലേക്ക് വെള്ളം തുറന്നുവിടാൻ കഴിയുന്നില്ല. ഇത് വിവിധ സ്ഥലങ്ങളിൽ വരൾച്ചക്ക് കാരണമാക്കിയിട്ടുണ്ട്.
ചാലക്കുടിപ്പുഴയോരത്തെ പല പമ്പിങ് സ്റ്റേഷനുകളുടെയും പ്രവർത്തനം താളംതെറ്റിയത് കുടിവെള്ള വിതരണത്തെയും ബാധിച്ചിട്ടുണ്ട്. അടിയന്തര നടപടിയാവശ്യപ്പെട്ട് എം.എൽ.എ അടക്കമുള്ളവർ നേരേത്ത വൈദ്യുതിമന്ത്രിക്കും ജലമന്ത്രിക്കും കത്ത് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.