കലാഭവൻ മണിയുടെ ഓർമയിൽ പാട്ടുപുര
text_fieldsചാലക്കുടി: അതുല്യ കലാകാരൻ കലാഭവൻ മണിയുടെ ഓർമകളിൽ സംഗീത സാന്ദ്രമാവുകയാണ് ചാലക്കുടിയിലെ കലാഭവൻ മണി പാർക്കിലെ പാട്ടുപുര. പാട്ടുപുരയിലെ ഗായകരുടെ കൂട്ടായ്മക്ക് നാല് വർഷം പൂർത്തിയാവുകയാണ്. ഇതിനകം ഇവിടെ വന്ന് പാട്ടുപാടിയ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ ഗായകർ ഏറെ. മണിയുടെ പേരിലുള്ള ചാലക്കുടി നഗരസഭ പാർക്കിന്റെ കോണിലാണ് പ്രദേശത്തെ ഗായകരെ പ്രോത്സാഹിപ്പിക്കാൻ നഗരസഭ അധികാരികൾ ഇത്തരമൊരു സൗകര്യം ഒരുക്കി കൊടുത്തത്. ഇവിടെ വന്ന് ആർക്കും പാടാം. സംഗീത രംഗത്ത് വളർന്നു വരുന്നവർക്കും പാടി തെളിഞ്ഞവർക്കുമെല്ലാം. സായാഹ്നത്തിലാണ് പാട്ടുപുര സജീവമാകുക.
ചലച്ചിത്ര ഗാനവും ലളിതഗാനവും ശാസ്ത്രീയ സംഗീതവുമൊക്കെ സൗകര്യം പോലെ പാടാം. അതുപോലെ ആസ്വദിക്കാനെത്തുന്നവർക്ക് ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. മിക്കവാറും കരോക്കെ വച്ചാണ് പാട്ട്. ഉയർന്ന ഗുണനിലവാരമുള്ള മ്യൂസിക് സിസ്റ്റവും ഇതിനായി സ്ഥിരം ഏർപ്പാടാക്കിയിട്ടുണ്ട്. ചിലപ്പോൾ പാടാനായി അതിഥികളെത്തും. വൈക്കം വിജയലക്ഷ്മിയും പന്തളം ബാലനുമൊക്കെ ഇവിടെ പാടാനെത്തിയ അതിഥികളാണ്. പാട്ട് പാടാൻ വേണ്ടി ഇതു പോലെയൊരു സ്ഥിരം പ്രസ്ഥാനം മറ്റെവിടെയുമില്ലെന്നതാണ് ചാലക്കുടിയിലെ കലാഭവൻ മണി പാട്ടുപുരയുടെ സവിശേഷത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.