ഇൻഡോർ സ്റ്റേഡിയം ബാധ്യത; ആശങ്കയകലാതെ ചാലക്കുടി നഗരസഭ
text_fieldsചാലക്കുടി: ഇൻഡോർ സ്റ്റേഡിയം സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട ബാധ്യത അവസാനിച്ചെങ്കിലും തുടർ നടപടിയെന്തെന്ന ആശങ്കയിൽ ചാലക്കുടി നഗരസഭ. ജപ്തി ഭീഷണിയിൽനിന്ന് സിയാൽ കമ്പനി പണമടച്ച് രക്ഷപ്പെടുത്തിയതോടെ നഗരസഭക്കെതിരെ കോടതിയിലെ കേസ് ഇല്ലാതായി. ബാധ്യത അവസാനിച്ച ആശ്വാസത്തിലാണ് കൗൺസിൽ. അതേസമയം, സ്ഥലമുടമകളും നഗരസഭയും തമ്മിലുള്ള പ്രശ്നം മാത്രമേ അവസാനിച്ചിട്ടുള്ളൂ എന്നാണ് കരുതുന്നത്.
നഗരസഭയും സർക്കാറും തമ്മിലുള്ള ബാധ്യതയുടെ പ്രശ്നം അവസാനിച്ചിട്ടില്ലെന്നാണ് സൂചന. സർക്കാറിലേക്ക് അടക്കേണ്ട പണം നഗരസഭക്കായി നൽകിയതിനാൽ നഗരസഭ ഈ തുക സർക്കാറിലേക്ക് അടക്കേണ്ടി വരുമോയെന്നത് സംബന്ധിച്ചാണ് വ്യക്തതയില്ലാത്തത്. നഗരസഭയുടെ പദ്ധതികൾക്കുള്ള സർക്കാർ വിഹിതങ്ങളിൽനിന്ന് ഇത്രയും വലിയ തുക ഈടാക്കിയാൽ നഗരസഭയുടെ ഭാവിയിലെ പദ്ധതികൾ മുഴുവൻ തകിടം മറിയും.
ഇൻഡോർ സ്റ്റേഡിയം ബാധ്യതയിൽ ഇളവ് അനുവദിക്കാൻ സംസ്ഥാന സർക്കാറിനെ സമീപിക്കാനാണ് നഗരസഭയുടെ തീരുമാനം. നഗരസഭ വികസന കാര്യത്തിനുവേണ്ടി വൻ തുക നൽകി ഏറ്റെടുത്ത സ്ഥലത്ത് സംസ്ഥാന സർക്കാറാണ് ഇൻഡോർ സ്റ്റേഡിയം നിർമിച്ചിരിക്കുന്നതെന്നാണ് നഗരസഭയുടെ വാദം.
അപ്രതീക്ഷിതമായി തിരിച്ചടവ് ഉണ്ടാകാതിരിക്കാൻ നേരത്തേതന്നെ ഇക്കാര്യത്തിൽ സർക്കാറിനെ സമീപിക്കാനും നഗരസഭയുടെ അഭിപ്രായം അറിയിക്കാനും കഴിഞ്ഞദിവസം ചേർന്ന കൗൺസിൽ യോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉടൻ കലക്ടറുമായി ചർച്ച ചെയ്യും.
3.7 ഏക്കർ ഭൂമി 2008ൽ ഏറ്റെടുത്തതിന് സർക്കാർ നിശ്ചയിച്ച വില നഗരസഭ നൽകിയിരുന്നുവെങ്കിലും വില വർധിപ്പിക്കാൻ സ്ഥലമുടമകൾ കോടതിയെ സമീപിച്ചതാണ് വിനയായത്. നേരത്തേ നിശ്ചയിച്ച വിലയേക്കാൾ കൂടുതൽ നൽകണമെന്ന വിധി നഗരസഭക്ക് വലിയ സാമ്പത്തിക ബാധ്യതയായി.
നേരത്തേ നിശ്ചയിച്ച മൂന്ന് കോടി രൂപ 12 കോടിയും പലിശയും നൽകണമെന്ന് കോടതി ഉത്തരവിട്ടു. വിധിക്കുശേഷം 18 കോടി രൂപയിലേറെ നഗരസഭ ഇക്കാര്യത്തിന് അടച്ചെങ്കിലും പലിശ ഉൾപ്പെടെ 27 കോടി രൂപ കൂടി നൽകേണ്ട സാഹചര്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.