നഗരസഭ എൻജിനീയറെ പരാതിക്കാരൻ ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപണം
text_fieldsചാലക്കുടി: അഴിമതിക്ക് കൂട്ടുനിൽക്കുന്നെന്ന് ആരോപിച്ച് നഗരസഭ എൻജിനീയറെ പരാതിക്കാരൻ കഴുത്തിൽ കയറിപ്പിടിച്ചതായി ആരോപണം. നഗരസഭ അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുഭാഷിനെയാണ് ആക്രമിച്ചത്. ഇതിനെ തുടർന്ന് എൻജിനീയർ ആശുപത്രിയിൽ ചികിത്സ തേടി.
എന്നാൽ, സംഭവത്തിൽ പൊലീസ് നടപടിയൊന്നും എടുക്കാത്തതിൽ നഗരസഭ ചെയർമാൻ എബി ജോർജും അംഗങ്ങളും സ്ഥലത്തെത്തി പ്രതിഷേധം ഉയർത്തി.
21ാം വാർഡിലെ അപ്പാർട്ട്മെന്റിന്റെ സെപ്റ്റിക് ടാങ്ക് നിർമാണവുമായി ബന്ധപ്പെട്ടാണ് പ്രശ്നം. ഇതിന്റെ സെപ്റ്റിക് ടാങ്ക് നിർമിച്ചിട്ടുള്ളത് പുറമ്പോക്കിലാണെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകൻ ഓംബുഡ്സ്മാനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് സംഭവം അന്വേഷിക്കാൻ ഓംബുഡുസ്മാൻ ഉത്തരവിട്ടു. ഇതുപ്രകാരം അന്വേഷിക്കാൻ ഓവർസിയർമാരായ രതിദേവി, സിന്ധു എന്നിവർക്കൊപ്പം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുഭാഷ് അപ്പാർട്ട്മെന്റിലെത്തി സ്ഥലം അളന്നു. ജോലിക്കാരെ ഏർപ്പാടാക്കി ടൈൽസ് പൊളിച്ചുനീക്കി സെപ്റ്റിക് ടാങ്ക് നിർമിച്ചത് പുറമ്പോക്കിലല്ലെന്നും അവരുടെ സ്ഥലത്താണെന്നും നിർമാണം നടക്കട്ടെയെന്നും അറിയിച്ചു.
പൊലീസിന്റെ സാന്നിധ്യത്തിൽ വേണം കാര്യങ്ങൾ നിർണയിക്കാനെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടെങ്കിലും എൻജിനീയർ ആവശ്യം അവഗണിച്ചു. ഇതോടെ പരാതിക്കാരൻ തർക്കം ഉന്നയിക്കുകയും രോഷാകുലനായി എൻജിനീയറുടെ കഴുത്തിൽ കൈത്തണ്ട കൊണ്ട് അമർത്തുകയുമായിരുന്നെന്നാണ് പരാതി. നഗരസഭ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് അപ്പാർട്ട്മെന്റ് നിർമാണ സ്ഥലത്ത് പോയതെന്നും തർക്കത്തെ തുടർന്ന് പരാതിക്കാരൻ വധിക്കാൻ ശ്രമിക്കുകയുമായിരുന്നെന്ന് എൻജിനീയർ വ്യക്തമാക്കി.
വിവരമറിഞ്ഞ് ചാലക്കുടി എസ്.ഐ ഷാജു എടത്താടന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പരാതി കിട്ടിയാൽ മാത്രമേ കേസെടുക്കാനാവൂവെന്ന് പൊലീസ് വ്യക്തമാക്കി. തുടർന്ന് നഗരസഭ സെക്രട്ടറി കെ.ബി. വിശ്വനാഥൻ പൊലീസിൽ പരാതി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.